കൊല്‍ക്കത്ത: ഉറുഗ്വെയ്ന്‍ സൂപ്പര്‍താരം ഡീഗോ ഫോര്‍ലാന്റെ ഗോളില്‍ മുംബൈസിറ്റിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈ സിറ്റി എവേ മത്സരത്തില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തെയെ തോല്‍പ്പിച്ചത്. വിജയത്തോടെ 7 കളികളില്‍ നിന്ന് 11 പോയിന്റുമായി മുംബൈ സിറ്റി എഫ്സി ഒന്നാം സ്ഥാനത്തേക്ക് കയറി.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 79-ാം മിനിറ്റിലായിരുന്നു ഫോര്ലാന് നിറയൊഴിച്ചത്. പന്തടക്കത്തില്‍ കൊല്‍ക്കത്തക്ക് നേരിയ മുന്‍തൂക്കം ലഭിച്ചെങ്കിലും മികച്ച മുന്നേറ്റങ്ങള്‍ മെനഞ്ഞത് മുംബൈ സിറ്റി താരങ്ങളായിരുന്നു. എന്നാല്‍ അവരുടെ നീക്കങ്ങളെല്ലാം കൊല്‍ക്കത്ത പ്രതിരോധത്തില്‍ത്തട്ടി തകര്‍ന്നു. പ്രതിരോധം തകര്‍ന്നപ്പോള്‍ ഗോളിയും അവരുടെ ഗോള്‍ എന്ന സ്വപ്നത്തിന് മുന്നില്‍ വിലങ്ങുതടിയായി. അത്ലറ്റികോയും വെറുതെയിരുന്നില്ല. ഹ്യൂമിന്റെ നേതൃത്വത്തില്‍ മികച്ച ആക്രമണങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യബോധമുണ്ടായില്ല. ഇതോടെ ആദ്യപകുതി ഗോള്‍രഹിതം.
രണ്ടാം പകുതിയിലും മികച്ച ഫുട്ബോള്‍ ഇരുടീമുകളും നടത്തി. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്ക് ഫലമുണ്ടായത് 79-ാം മിനിറ്റില്‍. സോണി നോര്‍ദേ കൊല്‍ക്കത്ത താരങ്ങളെ വെട്ടിച്ചുമുന്നേറിയശേഷം ബോക്സിലേക്ക് നല്കിയ സൂപ്പര്‍പാസ് ഫോര്ലാന് അതേവേഗത്തില്‍ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ കൊല്‍ക്കത്ത ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അവസാന മിനിറ്റുകളില്‍ സമനിലക്കായി കൊല്‍ക്കത്ത പൊരുതിയെങ്കിലും മുംബൈ പ്രതിരോധം ശക്തമായി നിലയുറപ്പിച്ചതോടെ അവയെല്ലാം വിഫലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: