കറുകച്ചാല്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് ബസില്‍ മരിച്ച ഡ്രൈവര്‍ ഷാബി ദാസിന്റെ കുടുംബത്തിന് ചലച്ചിത്രതാരം ദിലീപ് നിര്‍മ്മിച്ചു നല്കുന്ന വീടിന്റെ ശിലാസ്ഥാപനം നെടുങ്കുന്നത്ത് നടന്നു. വിളക്കു കൊളുത്തിയും ശില അനാഛാദനം ചെയ്തും ദിലീപാണ് കര്‍മ്മം നിര്‍വ്വഹിച്ചത്. കേരളാ ആക്ഷന്‍ ഫോഴ്സും ദീലിപന്റെ പിതാവിന്റെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നാണ് ഭവനം ഒരുക്കുന്നത്.
ചങ്ങനാശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രത്യാശ ടീമും നെടുംകുന്നം ഗ്രാമപഞ്ചായത്തും സുമനസ്സുകളും ചേര്‍ന്ന് ഷാബിദാസിന് നാലര സെന്റ് സ്ഥലം വാങ്ങി നല്‍കിയിരുന്നു. ആ സ്ഥലത്താണ് വീട് നിര്‍മ്മിക്കുന്നത്. കേരള ആക്ഷന്‍ ഫോഴ്സ് ചെയര്മാന് ഡോ. ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു. സംവിധായകന് ജോണി ആന്റണി, സെബാസ്റ്റ്യന്‍ പുന്നശ്ശേരി, ഫാ. ജോസഫ് പുതുപ്പറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലന് നായര്‍, പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോണ്‍, അജിത് മുതിരമല, ജോബി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ നടന് ദിലീപിന്റെ ജന്മദിന കേക്ക് ഷാബി ദാസിന്റെ മകള്‍ മുറിച്ച് നടന് മധുരം നല്കി. വന്‍ ജനക്കൂട്ടമാണ് നടനെ ഒരുനോക്കു കാണാന്‍ തിക്കിത്തിരക്കിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: