തിരുവനന്തപുരം: അദ്ധ്യാപന കലയിലെ ആചാര്യന് പ്രൊഫ. എം.കെ. സാനുവിന് സാംസ്കാരിക കേരളത്തിന്റെ നവതി പ്രണാമം. യൂണിവേഴ്സിറ്റി കോളേജിലെ സെന്റിനറി ഹാളില്‍ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം നടന് മധു കേക്കു മുറിച്ച് നിര്‍വഹിച്ചു. തുടര്‍ന്ന് സാനുമാഷിനെ അദ്ദേഹം പൊന്നാട അണിയിച്ച് ആദരിച്ചു.
വിദ്യാര്‍ഥികളും അദ്ധ്യാപകരും അടക്കം സമൂഹത്തിന്റെ നാനാതുറകളിലുമുള്ള അദ്ദേഹത്തിന്റെ ശിഷ്യരും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. എം.കെ. സാനു ഫൗണ്ടേഷനും യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് വിഭാഗവും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിവാദനസന്ദേശം ടി.എം. എബ്രഹാം വായിച്ചു. യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം.എസ്. വിനയചന്ദ്രന് അധ്യക്ഷത വഹിച്ചു. ലെനിന് രാജേന്ദ്രന്, ഡോ എം.എസ്. വിനയചന്ദ്രന്, പ്രൊഫ എല്‍. അശോകന്, ഡോ എം.എം. ഷാലി, ഡോ കെ. രാജേന്ദ്രന്, പ്രൊഫ സി. ബേബി ഷക്കീല, ഡോ എന്‍. ഷംനാദ്, പ്രൊഫ രേഷ്മ റിനോയ്, പ്രൊഫ ക്രിബുന വിശ്വാസ്, തസ്ലിം എന്നിവരും മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു.
മാളു ബെന്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച, അദ്ദേഹത്തിന്റെ വിമര്‍ശന പ്രബന്ധങ്ങളുടെ സമാഹാരം ‘വിമര്‍ശനവും വിമര്‍ശകരും’ നടന് മധു ഡോ. അയ്യപ്പപണിക്കരുടെ മകള്‍ മീരാകുമാരിക്ക് നല്കി പ്രകാശിപ്പിച്ചു. മാളു ബെന്‍ പ്രസാധനാലയം സാരഥി ബേബി ജോണിന് എം.കെ. സാനു ഫൗണ്ടേഷന്റെ ഫലകം മധു സമ്മാനിച്ചു.
ലെനിന് രാജേന്ദ്രന്, പ്രഭാവര്‍മ, ടി.എം. എബ്രഹാം, പ്രൊഫ ക്രിബുന വിശ്വാസ്, ഫാദര്‍ റോബി കണ്ണഞ്ചിറ, ജോണ്‍പോള്‍ എന്നിവര്‍ സംസാരിച്ചു. യൂണിവേഴ്സിറ്റി കോളേജിന്റെ ശതോത്തര സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സാനുമാഷിന്റെ നവതിയാഘോഷം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: