ബഹിരാകാശത്ത് കൃഷി പരീക്ഷണം. സസ്യാഹാരത്തിനു സഹായിക്കുന്ന ഇലച്ചെടികള്‍ ബഹിരാകാശത്ത് ഉല്‍പ്പാദിപ്പിക്കാമെന്ന പരീക്ഷണം വിജയിച്ചു. നാസയുടെ ബഹിരാകാശ താവളമായ ഇന്റര്‍ നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ (ഐഎസ്എസ്) ചെഞ്ചീര വളരുന്നു.
ഭൂമിയില്‍ കൃഷി ചെയ്യുംപോലെ ബഹിരാകാശത്ത് ചീര വളര്‍ത്തിയെന്നാണ് ബഹിരാകാശ യാത്രികര്‍ വിശദീകരിക്കുന്നത്. വലിയ വിപ്ലവകരമായ പരീക്ഷണ വിജയമാണിത്.
നാസയുടെ ശാസ്ത്രജ്ഞന് ഷേന് കിംബ്രോ ആണ് വെജ്-03 എന്ന പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയകരമായെന്നും പ്രതീക്ഷിച്ച വേഗത്തില്‍ നടന്നില്ലെന്ന പോരായ്മയേ ഉണ്ടായുള്ളുവെന്നും ആകാശക്കൃഷി താഴെയിരുന്നു നിരീക്ഷിച്ച നാസയുടെ കെന്നഡി സ്പേസ് സെന്റര്‍, ഫളോറിഡയില്‍ അറിയിച്ചു. ആദ്യമായി നടത്തിയ പരീക്ഷണം വിജയം കണ്ടതില്‍ സന്തോഷിക്കുന്നതായി നാസയുടെ വെജ്ജീ പ്രോജക്ട് മാനേജര്‍ നികോളെ ഡുഫോര്‍ പറഞ്ഞു.
ചെറു കൂടുകളില്‍ ചീരവിത്തിട്ടു, വെള്ളം നനച്ചു; അത്രമാത്രം. ഭാവിയില്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് ദീര്‍ഘനാള്‍ അവിടെ കഴിയാന്‍ സ്വയം ഭക്ഷണം കണ്ടെത്താന്‍ ഈ മാര്‍ഗ്ഗം ഉപകരിക്കുമെന്ന് ഉറപ്പായെന്ന് നാസാ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: