ന്യൂദല്‍ഹി: പ്രധാനമന്ത്രി പാര്‍പ്പിട പദ്ധതി (നഗര) പ്രകാരം അഞ്ച് സംസ്ഥാനങ്ങളില്‍ ചെലവ് കുറഞ്ഞ 84,460 വീടുകള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്ര ഭവന നിര്‍മ്മാണ, നഗര ദാരിദ്ര്യ ഉന്മൂലന മന്ത്രാലയം അനുമതി നല്കി. മൊത്തം 3,073 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് 1,256 കോടി രൂപയുടെ കേന്ദ്ര ധനസഹായത്തിനും അംഗീകാരം നല്കി.
കേരളത്തില്‍ 179 കോടി രൂപ ചെലവില്‍ 5968 വീടുകള്‍ നിര്‍മ്മിക്കും. ഇതിന് കേന്ദ്ര സഹായമായി 81 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ 47,379 ഉം, പഞ്ചാബില്‍ 15,209 ഉം ജാര്‍ഖണ്ഡില്‍ 12,814 ഉം, മണിപ്പൂരില്‍ ഇതാദ്യമായി 3,090 വീടുകള്‍ നിര്‍മ്മിക്കുന്നതിനുമാണ് അനുമതി നല്‍കിയിട്ടുള്ളത്.
പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിലുള്ള ഗുണഭോക്തൃ നിര്‍മ്മാണ ഘടകത്തിന്റെ കീഴിലാണ് വീടുകള്‍ നിര്‍മ്മിക്കുക. ഇത് പ്രകാരം സാമ്പത്തികമായി ദുര്‍ബലമായ വിഭാഗങ്ങള്‍ക്ക് നിലവിലുള്ള വീടുകള്‍ വിപുലപ്പെടുത്തുന്നതിന് കേന്ദ്ര സഹായമായി ഒന്നര ലക്ഷം രൂപ ലഭിക്കും.
പ്രധാനമന്ത്രി പാര്‍പ്പിട പദ്ധതി (നഗര) പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 62,740 കോടി രൂപ ചെലവില്‍ മൊത്തം 10,95,804 ചെലവ് കുറഞ്ഞ വീടുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ 16,289 കോടി രൂപ കേന്ദ്ര സഹായമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: