തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ 235 ജനക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ബിജെപി രൂപീകരിച്ച ദീനദയാല്‍ ഹെല്‍പ്പ് ഡെസ്കും ടോള്‍ഫ്രീ നമ്പറും നിലവില്‍ വന്നു. ബിജെപി സംസ്ഥാന കാര്യാലയത്തിലാണ് ‘ദീനദയാല്‍ ഹെല്‍പ്പ് ഡെസ്ക്’ എന്ന് പേരിട്ടിരിക്കുന്ന സഹായകേന്ദ്രം പ്രവര്‍ത്തിക്കുക.
രാവിലെ 10 മുതല്‍ 4 വരെയാണ് ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുക. 180030009383 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതികളെപ്പറ്റിയുള്ള വിശദവിവരങ്ങളും സഹായവും ലഭ്യമാവും. ഒരേസമയം 10 ഫോണ്കോളുകളെടുക്കാനാവും. ആദ്യഘട്ടത്തില്‍ സംസ്ഥാനതലത്തില്‍ മാത്രമാണ് പദ്ധതി. രണ്ട് മാസത്തിനുള്ളില്‍ ജില്ലാതല, നിയോജക മണ്ഡലതലങ്ങളിലും ഹെല്‍പ്പ് ഡെസ്കുകള്‍ നിലവില്‍ വരും. ബൂത്തുതലംവരെ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്ന സംവിധാനത്തിനായി പ്രത്യേകം പ്രവര്‍ത്തകരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കും.
ഹെല്‍പ്പ് ഡെസ്കിന്റെയും ടോള്‍ഫ്രീ നമ്പരിന്റെയും ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നിര്‍വഹിച്ചു. വരള്‍ച്ച നേരിടാനായി ബിജെപി ജലസ്വരാജ് എന്ന കര്‍മ്മപദ്ധതി നവംബറില്‍ നടപ്പാക്കുമെന്നു കുമ്മനം പറഞ്ഞു. ജലസ്രോതസ്സുകള്‍, മഴക്കുഴികള്‍, ജനസംഭരണികള്‍ ഇവ സംരക്ഷിക്കാനുള്ള ജനകീയപദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹെല്‍പ്പ് ഡെസ്കിന്റെ കണ്‍വീനറും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.എന്‍.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ബിജെപി ഭാരവാഹികളായ ജോര്‍ജ്ജ് കുര്യന്, ജെ.ആര്.പത്മകുമാര്‍, സി.ശിവന്‍കുട്ടി, വി.വി.രാജേഷ്, പുഞ്ചക്കരി സുരേന്ദ്രന്, അഡ്വ. എസ്.സുരേഷ്, അഡ്വ. ഗിരികുമാര്‍, ഹെല്‍പ്പ് ഡെസ്ക് ടീം അംഗങ്ങളായ രാജേഷ്ചന്ദ്രന്, ജ്യോതിഷ്നായര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: