ഹോം » പൊതുവാര്‍ത്ത » 

സ്വര്‍ണക്കടയില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ച്ച

July 7, 2011

കോട്ടയം: നഗരത്തിലെ പ്രമുഖ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി വന്‍ കവര്‍ച്ച. രണ്ടംഗസംഘമാണ്‌ നഗര ഹൃദയത്തിലെ കുന്നത്തുകളത്തില്‍ ജൂവലറി കവര്‍ച്ച ചെയ്തത്‌. കവര്‍ച്ച നടത്തിയ സംഘത്തിലെ ഒരാളെ ഒരു മണിക്കൂറിനുള്ളില്‍ പോലീസ്‌ പിടികൂടി. ഇയാളില്‍നിന്നും ഏഴു കിലോയോളം സ്വര്‍ണവും തോക്കും പോലീസ്‌ പിടിച്ചെടുത്തു. തമിഴ്‌നാട്‌ തേനി തേവാരം ചര്‍ച്ച്‌ റോഡില്‍ റും നമ്പര്‍ 201-ല്‍ താമസിക്കുന്ന മണികണ്ഠേശ്വരന്‍ (28) ആണ്‌ പോലീസ്‌ പിടിയിലായത്‌. സംഘത്തിലെ രണ്ടാമനുവേണ്ടിയുള്ള തിരച്ചില്‍ പോലീസ്‌ ഊര്‍ജ്ജിതമാക്കി.
ഇന്നലെ ഉച്ചക്ക്‌ 12.50-നാണ്‌ കോട്ടയം നഗരത്തെ ഞെട്ടിച്ച ജ്വല്ലറി കവര്‍ച്ച നടന്നത്‌. ചാറ്റല്‍ മഴയത്ത്‌ മഴകോട്ട്‌ ധരിച്ച രണ്ട്‌ യുവാക്കള്‍ ജ്വല്ലറിയില്‍ കയറി വളവാങ്ങാനെത്തിയതാണെന്ന്‌ അറിയിച്ചു. തൊപ്പികൊണ്ട്‌ ഭാഗികമായി മുഖം മറച്ചിരുന്ന ഇവരില്‍ ഒരാളുടെ കൃത്രിമ താടി ഇളകി ഇരിക്കുന്നത്‌ മാനേജര്‍ കണ്ടതോടെയാണ്‌ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്‌. മാനേജരുടെ കഴുത്തില്‍ തോക്കുചൂണ്ടി അക്രമികള്‍ ജ്വല്ലറിയിലുണ്ടായിരുന്ന ജീവനക്കാരെയും ഉപഭോക്താക്കളെയും മുള്‍ മുനയില്‍ നിര്‍ത്തി. ഈ അവസരത്തില്‍ രണ്ടാമന്‍ ഷോക്കേസില്‍ പ്രദര്‍ശിപ്പിച്ചിരുന്ന നെക്ലസുകളും, മാലകളും, മറ്റ്‌ ആഭരണങ്ങളും വലിച്ച്പറിച്ച്‌ കൈയില്‍ കരുതിയ ബിഗ്ഷോപ്പറില്‍ നിറച്ചു.
അതിനിടെ ജീവനക്കാരില്‍ രണ്ടുപേര്‍ മുന്നോട്ട്‌ വരാനാഞ്ഞതോടെ വീണ്ടും കൈതോക്കില്‍ നിന്ന്‌ തറയിലേക്ക്‌ വെടിയുതിര്‍ത്തശേഷം സെക്യൂരിറ്റി ജീവനക്കാരനായ മണിയെ തള്ളി തറയിലിട്ട്‌ കവര്‍ച്ചക്കാര്‍ സ്വര്‍ണവുമായി തിരുനക്കര മൈതാനത്തിനുമുന്നില്‍ ഗാന്ധിപ്രതിമക്ക്‌ അരുകില്‍ പാര്‍ക്കുചെയ്തിരുന്ന കെ.എല്‍. 5 എ.സി.6125 എന്ന നമ്പറുള്ള ?അപ്പാച്ചെ’ ബൈക്കില്‍ കയറി കുമരകം ഭാഗത്തേയ്ക്ക്‌ ഓടിച്ചുപോയി. അതിനുമുമ്പ്‌ പിന്നാലെയെത്തിയ ജ്വല്ലറി ജീവനക്കാര്‍ക്കുനേരെ വീണ്ടും വെടിയുതിര്‍ത്തു. ഒന്നരകോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണ്ണം പത്തുമിനിറ്റുകൊണ്ടാണ്‌ കവര്‍ച്ചക്കാര്‍ തട്ടിയെടുത്തത്‌.
ബൈക്കില്‍ നിന്നിറങ്ങി കുമരകം വഴി വൈക്കത്തേക്കുള്ള സ്വകാര്യ ബസില്‍ സ്വര്‍ണവുമായി കയറിയ മണികണ്ഠേശ്വരനാണ്‌ പോലീസ്‌ പിടിയിലായത്‌. ബസ്സ്‌ യാത്രക്കാരനായ ഷിജോ മാത്യു നല്‍കിയ വിലപ്പെട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ മണികണ്ഠേശ്വരന്‍ പിടിയിലായത്‌. കുമരകത്ത്‌ ബൈക്കുകള്‍ പോലീസ്‌ പരിശോധിക്കുന്നതുകണ്ടപ്പോഴാണ്‌ ഷിജോ മോഷണത്തിന്റെ വിവരം അറിയുന്നത്‌. ബസില്‍ ബിഗ്ഷോപ്പറുമായി കയറിയ മണികണ്ഠേശ്വരനെ യുവാവ്‌ തിരിച്ചറിഞ്ഞതോടെ ബസ്‌ കവണാറ്റിന്‍കരയില്‍ വെച്ച്‌ തടഞ്ഞ്‌ മണികണ്ഠേശ്വരനെ പിടികൂടുകയായിരുന്നു.
കോട്ടയം എസ്പി സി.രാജഗോപാല്‍, ഡിവൈ എസ്പി പി. എം.വര്‍ഗീസ്‌, സിഐ. ജി. വേണു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം മണികണ്ഠേശ്വരനെ ചോദ്യം ചെയ്തുവരികയാണ്‌. കൂട്ടുപ്രതിയെകുറിച്ച്‌ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ ഇയാള്‍ പിടിയിലാകുമെന്നും പോലീസ്‌ സൂചന നല്‍കി. മോഷ്ടാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നമ്പര്‍ വ്യാജമാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.
മാരകശേഷിയില്ലാത്ത നാടന്‍ കൈത്തോക്കുകളാണ്‌ കവര്‍ച്ചക്കാരുടെ പക്കലുണ്ടായിരുന്നത്‌. ജ്വല്ലറിക്കുള്ളില്‍ നടത്തിയ വെടിവെപ്പിനിടെ ഈയം കൊണ്ടുള്ള ചീള്‍ തെറിച്ച്‌ ഒരു ജീവനക്കാരന്‌ നിസാരപരിക്കേറ്റിട്ടുണ്ട്‌. ജ്വല്ലറി ഉടമ വിശ്വനാഥന്റെ സാന്നിധ്യത്തില്‍ വീണ്ടെടുത്ത ആഭരണങ്ങള്‍ തൂക്കി നോക്കിയപ്പോള്‍ 7.16കിലോഗ്രാം തൂക്കമുണ്ടായിരുന്നു. ഇതിന്‌ ഒന്നരകോടിയിലേറെ വിലമതിക്കും.
-സ്വന്തം ലേഖകന്‍

Related News from Archive
Editor's Pick