ഡിവൈഎഫ്‌ഐ ബോര്‍ഡുകളില്‍ എബിവിപി ചിത്രം വന്നത്‌ വിവാദമാകുന്നു

Thursday 7 July 2011 10:50 pm IST

കണ്ണൂര്‍: എബിവിപി മാര്‍ച്ചിന്‌ നേരെ പോലീസ്‌ നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജ്ജടക്കമുള്ള അതിക്രമങ്ങള്‍ ഡിവൈഎഫ്‌ഐയുടെ പ്രചരണ ബോര്‍ഡുകളില്‍ ആലേഖനം ചെയ്ത്‌ പ്രദര്‍ശിപ്പിക്കുന്നത്‌ വിവാദമാകുന്നു.
കഴിഞ്ഞ ജൂണ്‍ 16ന്‌ പരിയാരം മെഡിക്കല്‍ കോളേജിലെ പ്രവേശന കോഴക്കും സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്കുമെതിരെ എബിവിപി കണ്ണൂര്‍ ജില്ലാ കമ്മറ്റി നടത്തിയ കളക്ട്രേറ്റ്‌ മാര്‍ച്ചിന്‌ നേരെയാണ്‌ പോലീസ്‌ ക്രൂരമായ ലാത്തിച്ചാര്‍ജ്‌ നടത്തിയത്‌. ലാത്തിച്ചാര്‍ജില്‍ എബിവിപി ഭാരവാഹികളായ എം.എം.രജുല്‍, എ.രജിലേഷ്‌, സി.അനുജിത്ത്‌ എന്നിവര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രസ്തുത ലാത്തിച്ചാര്‍ജിന്റെ പടം പിറ്റേദിവസം പ്രമുഖ മാധ്യമങ്ങളിലൊക്കെ വരികയും ചെയ്തിരുന്നു. പ്രസ്തുത ലാത്തിച്ചാര്‍ജിന്റെ പടമാണ്‌ ഡിവൈഎഫ്‌ഐയുടെ വില്ലേജ്‌ സമ്മേളനങ്ങളുടെ പ്രചരണാര്‍ത്ഥം ജില്ലയില്‍ വ്യാപകമായി സ്ഥിപിച്ച ഫ്ലക്സ്‌ ബോര്‍ഡുകളില്‍ കൊടുത്തിരിക്കുന്നത്‌. പുതിയതെരു, കാടാച്ചിറ, കടമ്പൂര്‍ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ ബോര്‍ഡുകള്‍ പരസ്യമായി പ്രതിഷ്ഠിച്ചിട്ടുണ്ട്‌. മറ്റൊരു സംഘടന നടത്തിയ സമരത്തെ സ്വന്തം സംഘടനയുടെ പ്രതിച്ഛായ വളര്‍ത്താന്‍ ഉപയോഗിച്ച ഡിവൈഎഫ്‌ഐയുടെ കുത്സിത നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്‌.
എബിവിപി പ്രക്ഷോഭത്തിന്റെ ഫോട്ടോ വെച്ച്‌ സംഘടനക്ക്‌ വേണ്ടി പ്രചരണം നടത്തുന്ന ഡിവൈഎഫ്‌ഐ നടപടിയില്‍ എബിവിപി കണ്ണൂര്‍ ജില്ലാ സംഘാടകസമിതി ശക്തിയായി പ്രതിഷേധിച്ചു. യോഗത്തില്‍ ജില്ലാ കണ്‍വീനര്‍ കെ.രഞ്ജിത്ത്‌ അദ്ധ്യക്ഷത വഹിച്ചു. എ.രജിലേഷ്‌, മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.