ഹോം » പ്രാദേശികം » കാസര്‍കോട് » 

ടവറിനെതിരെ പ്രതിഷേധം: ഉപകരണങ്ങളുമായെത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞു

July 7, 2011

നീലേശ്വരം: ഗള്‍ഫ്‌ ഭീമന്‍ ഇത്തി സലാത്ത്‌ മൊബൈല്‍ കമ്പനിക്കു വേണ്ടി പള്ളിക്കരയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത്‌ നിര്‍മ്മിക്കുന്ന ടവറിനു വേണ്ടി തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന ഉപകരണങ്ങള്‍ ഇറക്കുന്നത്‌ നാട്ടുകാര്‍ തടഞ്ഞത്‌ സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ രാവിലെ 10 മണിയോടെയാണ്‌ ടവറിനാവശ്യമായ ഉപകരണങ്ങളുമായെത്തിയ ലോറി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറോളം പേര്‍ തടഞ്ഞത്‌. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പ്‌ വക വെയ്ക്കാതെ ലോറിയില്‍ നിന്നും സാധനങ്ങള്‍ ഇറക്കാന്‍ ശ്രമിച്ച കമ്പനി ജീവനക്കാരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളും നടന്നു. ലോറിക്ക്‌ മുന്നില്‍ സമരക്കാര്‍ കുത്തിയിരിക്കുകയായിരുന്നു. തങ്ങളുടെ ജീവനും പരിസ്ഥിതിക്കും ഭീഷണിയായ മൊബൈല്‍ ടവര്‍ പള്ളിക്കരയില്‍ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യം വിളിയോടെയാണ്‌ സാധനങ്ങളുമായെത്തിയ ലോറിയെ നാട്ടുകാര്‍ ഉപരോധിച്ചത്‌. അതേ സമയം നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്‌ ടവര്‍ നിര്‍മ്മാണം നിര്‍ത്തിവച്ചതായി കമ്പനി എഞ്ചിനീയര്‍ അറിയിച്ചു. സമരക്കാരുമായി ൧൩ന്‌ നടക്കുന്ന ചര്‍ച്ചക്ക്‌ ശേഷം മാത്രമേ ടവര്‍ നിര്‍മ്മാണ പ്രവര്‍ത്തികളെക്കുറിച്ച്‌ കമ്പനി തീരുമാനിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മൊബൈല്‍ ടവറിന്‌ സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നും അതിനാല്‍ നാട്ടുകാര്‍ പിരിഞ്ഞു പോകണമെന്നും സ്ഥലത്തെത്തിയ പോലീസ്‌ ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ പിന്തിരിഞ്ഞില്ല. ഇതേ തുടര്‍ന്ന്‌ സാധനങ്ങളുമായെത്തിയ ലോറി തിരിച്ചുപോയി. കഴിഞ്ഞ ദിവസം രാവിലെയും ടവറിനാവശ്യമായ ക്യാമ്പിന്‍ ഇറക്കുന്നത്‌ നാട്ടുകാര്‍ തടഞ്ഞിരുന്നു. പോലീസിണ്റ്റെ ഇടപെടലിനെ തുടര്‍ന്നാണ്‌ ക്യാബിന്‍ ഇറക്കാന്‍ സാധിച്ചത്‌. ടവറിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം ശക്തമായതിനെ തുടര്‍ന്ന്‌ മൊബൈല്‍ ടവര്‍ നിര്‍മ്മാണ സ്ഥലത്ത്‌ ശക്തമായ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സമരത്തിന്‌ ആദ്യഘട്ടത്തില്‍ പിന്തുണയുമായി വന്നിരുന്ന സിപിഎം നേതൃത്വം ഇപ്പോള്‍ പിന്തിരിഞ്ഞത്‌ പാര്‍ട്ടി അനുഭാവികളുടെ പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌. പാര്‍ട്ടിയുടെ കേന്ദ്രത്തില്‍ പരിസ്ഥിതിക്ക്‌ കോട്ടം തട്ടുംവിധം നിര്‍മ്മിക്കുന്ന മൊബൈല്‍ ടവറിനെതിരെ സിപിഎം നേതൃത്വം മൌനം പാലിക്കുന്നതില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick