തിരുവനന്തപുരം: ശുഭ ജീവിത സന്ദേശവുമായി മെഡിക്കല്‍ കോളേജ് സൈക്യാര്‍ട്രി ഒ.പി.യോടനുബന്ധിച്ച് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചു. മാനസിക അസ്വസ്ഥതകള്‍ക്കും മനോരോഗങ്ങള്‍ക്കും ചികിത്സ തേടിയെത്തുന്നവര്‍ക്ക് സഹായകമാകുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കല്‍ കോളേജ് സൈക്യാര്‍ട്ടി വിഭാഗം ഈ ഹെല്‍പ്പ് ഡെസ്ക് തുടങ്ങിയത്.
ഗവ. നഴ്സിംഗ് കോളേജും മാനസികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാനസ കേരളം എന്ന സന്നദ്ധ സംഘടനയും ഹെല്‍പ്പ് ഡെസ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സഹായിക്കും.
ആശുപത്രിയില്‍ ലഭ്യമായിട്ടുള്ള മനോരോഗ ചികിത്സയും സേവനങ്ങളും ഈ ഹെല്‍പ്പ് ഡെസ്കില്‍ നിന്നും അറിയാന്‍ കഴിയും. മാനസികാരോഗ്യത്തെ സംബന്ധിച്ച ലഘുലേഖകള്‍, പുസ്തകങ്ങള്‍ എന്നിവ ഇവിടെ നിന്നും ലഭിക്കും. മനോരോഗ ബാധിതരുടെ പരിപാലകരായിട്ടുള്ളവര്ക്ക് സഹായകരമായ റഫറന്‍സ് പുസ്തകം ‘ദിശാസൂചി’ ഹെല്‍പ്പ് ഡെസ്കില്‍ ലഭ്യമാണ്. ഇതോടൊപ്പം 8281177404 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണിവരെയും വിവരങ്ങളറിയാന്‍ കഴിയും. ഹെല്‍പ്പ് ഡെസ്കുമായി സഹകരിക്കാന്‍ താത്പര്യമുള്ള സംഘടനകള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഈ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രശസ്ത സിനിമാതാരം ജോബി ഹെല്‍പ്പ് ഡെസ്കിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. അര്.എം.ഒ. ഡോ. മോഹന്‍ റോയ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. നിര്‍മ്മല എല്‍., നഴ്സിംഗ് ഓഫീസര്‍ ഉദയറാണി, സൈക്യാര്‍ട്രി വിഭാഗം പ്രൊഫസര്‍ ഡോ. അനില്‍കുമാര്‍ ടി.വി., സോഷ്യല്‍ സയന്റിസ്റ്റ് ഇ. നസീര്‍, മെഡിക്കല്‍ കോളേജ് പി.ആര്.ഒ. ഡോ. ഖുറൈഷ ബീവി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: