തിരുവനന്തപുരം: കേരള പോലീസിലെ സ്പെഷ്യല്‍ ആംഡ് വിഭാഗത്തിന്റെ പരിശീലനത്തില്‍ യോഗയ്ക്ക് വിലക്ക്. തിരുവനന്തപുരത്ത് പേരൂര്‍ക്കടയിലെ എസ്എപി പരിശീലന ക്യാമ്പിലാണ് ട്രെയിനികളെ യോഗ പരിശീലിപ്പിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയത്.
എസ്എപി കമാന്റന്റ് അബ്ദുള്‍ റസാക്കാണ് ഇതു സംബന്ധിച്ച് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ യോഗ പരിശീലിപ്പിക്കുന്നതിനുള്ള ഫണ്ട് ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് നേടിയെടുക്കുകയും ചെയ്തു.
വിലക്ക് ഏര്‍പ്പെടുത്തിയതോടെ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ട് ബാച്ചിലെ പോലീസുകാര്‍ക്ക് യോഗ പരിശീലനം നല്‍കിയില്ല. കാലഘട്ടത്തിനനുസരിച്ച് പോലീസ് ട്രെയിനികള്‍ക്ക് ഏതൊക്കെ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കണമെന്ന് സേനയിലെ ഉന്നതര്‍ വിശദമായി ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശം നല്‍കാറുണ്ട്. പ്രത്യേകമായി കൂട്ടിച്ചേര്‍ക്കേണ്ടവയെ സംബന്ധിച്ച് സര്‍ക്കുലറും നല്‍കും. ഇതനുസരിച്ചാണ് ട്രെയനിംഗ് ക്യാമ്പുകളില്‍ പരിശീലിപ്പിക്കേണ്ട വിഷയങ്ങളുടെ ക്ലാസ്സുകള്‍ തീരുമാനിക്കുന്നത്.
ഡ്യൂട്ടി സമയത്ത് പോലീസുകാരുടെ മാനസിക സംഘര്‍ഷത്തിന് അയവു വരുത്തുന്നതിനാണ് നിരവധി പഠനങ്ങള്‍ക്കൊടുവില്‍ ട്രയിനിംഗ് ക്യാമ്പുകളില്‍ യോഗ പരിശീലിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് ഐപിഎസ് തലം മുതല്‍ താഴെ തട്ടിലുള്ള പോലീസ് പരിശീലന ക്യാമ്പുകളില്‍ വരെ യോഗ പരീശീലനം നടന്നു വരുന്നു. ഇതിലേക്കായി പ്രത്യേക ഫണ്ടും മാറ്റിവച്ചു. ഡ്യൂട്ടി സമയത്ത് മണിക്കൂറുകളോളം ഒരേ സ്ഥലത്ത് നില്ക്കേണ്ടിവരുന്നത് പോലീസുകാര്‍ക്ക് വിവിധ അസുഖങ്ങള്‍ പിടിപെടുന്നതിന് ഇടയാക്കിയിരുന്നു.
യോഗ പരിശിലനത്തിലൂടെ ഇത്തരം ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷ നേടാന്‍ സാധിക്കും. പ്രത്യേക സ്വഭാവമുള്ള കേസുകള്‍ അന്വേഷിക്കുന്നതിന് വൈദഗ്ദ്ധ്യം നേടുന്നതിന് നിരന്തരം യോഗ ചെയ്യുന്നതിലൂടെ സാധിക്കുമെന്ന് പോലീസ് ട്രയിനിംഗ് കോളേജിലെ പരീശീലകരും പറയുന്നു.
പുറത്ത് നിന്നുള്ള പരിശീലകരാണ് ക്യാമ്പുകളില്‍ യോഗ പരീശീലനം നല്‍കുന്നത്. പരീശീലിപ്പിക്കുന്നതിനുമുമ്പ് മന്ത്രം പറയേണ്ടിവരുന്നതാണ് കമാന്റന്റിനെ ചൊടിപ്പിച്ചത്.
കമാന്റന്റ് ക്യാമ്പില്‍ സ്വീകരിക്കുന്ന പക്ഷപാതപരമായ ചില നടപടികള്‍ ഇതിനകം വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.
ക്വാര്ട്ടേഴസുകള് അനുവദിക്കുന്നതിലും ഡ്യൂട്ടിക്കായി പോലീസുകാരെ നിയോഗിക്കുന്നതിലും വിവേചനം കാട്ടുന്നു. അടുപ്പക്കാരെ ക്യാമ്പിനുള്ളിലെ മറ്റ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കുമ്പോള്‍ മറ്റുള്ളവരെ കഠിനമായ ഡ്യൂട്ടികള്‍ക്ക് നിയോഗിക്കാറുണ്ട്.
സംസ്ഥാനത്തെ മറ്റ് പോലീസ് പരീശീലന ക്യാമ്പുകളിലെല്ലാം യോഗ പരിശീലിപ്പിക്കുമ്പോള്‍ പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ യോഗ പരീശിലിപ്പിക്കാത്തത് പോലീസുകാരില്‍ അമര്‍ഷം ഉളവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: