തേഞ്ഞിപ്പലം: സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്റെ ആദ്യ ദിനം എറണാകുളത്തിന്റെ കുതിപ്പ്. 18 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 58 പോയിന്റുമായി എറണാകുളം മുന്നില്‍. അഞ്ച് സ്വര്‍ണ്ണം പത്ത് വെള്ളി ഒരു വെങ്കലം എന്നിങ്ങനെയാണ് എറണാകുളത്തിന്റെ സമ്പാദ്യം.
അഞ്ച് സ്വര്‍ണ്ണം മൂന്ന് വെള്ളി ആറ് വെങ്കലമടക്കം 40 പോയിന്റുമായി പാലക്കാട് രണ്ടാമത്. മൂന്ന് സ്വര്‍ണം ഒന്നുവീതം വെള്ളി വെങ്കലമടക്കം 19 പോയിന്റാണ് മൂന്നമതുള്ള കോഴിക്കോടിനുള്ളത്. രണ്ട് സ്വര്‍ണ്ണ നേട്ടത്തോടെ 10 പോയിന്റുമായി പത്തനംതിട്ട നാലാമത്. തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി ജില്ലകളും സ്വര്ണ്ണപ്പട്ടികയില് ആദ്യദിനം ഇടംപിടിച്ചു.
സ്കൂളുകളില്‍ നിലവിലെ ചാമ്പ്യന്മാരായ മാര്‍ബേസില്‍ ഒന്നാമത്. 28 പോയിന്റ്. ഉഷ സ്കൂളിന്റെ കരുത്തില്‍ എഎംഎച്ച്എസ് പൂവമ്പായി 16 പോയിന്റുമായി രണ്ടാമതും മുന്‍ ചാമ്പ്യന്മാരായ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ്, പാലക്കാട് കല്ലടി എച്ച്എസ് 12 പോയിന്റുമായി മൂന്നാമത്. 11 പോയിന്റുള്ള എച്ച്എസ് പറളി നാലാം സ്ഥാനത്ത്.
ആദ്യ ദിനം മൂന്ന് റെക്കോഡുകള്‍. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്കൂളിന്റെ സി. ബബിത, സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്ക്കസ് ത്രോയില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിന്റെ അമല്‍ പി. രാഘവ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ തിരുവനന്തപുരം സായിയുടെ മേഘ മറിയം മാത്യു എന്നിവരാണ് പുതിയ റെക്കോഡ് സ്ഥാപിച്ചത്. 3000 മീറ്ററില്‍ ദേശീയ റെക്കോഡും മറികടന്ന പ്രകടനമാണ് ബബിത നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: