ന്യൂദല്‍ഹി: സഹായം ആവശ്യപ്പെട്ടവരെ നിരാശരാക്കിയ ചരിത്രമില്ല വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്. രോഗക്കിടക്കയിലാണെങ്കിലും അതിന് മാറ്റമില്ല. വൃക്കരോഗത്തെ തുടര്‍ന്ന് ഇരുപത് ദിവസമായി എയിംസില്‍ ചികിത്സയിലാണ് സുഷമ.
സഹായം ആവശ്യപ്പെട്ടത് എയിംസിലെ തന്നെ ഗവേഷക. ഓസ്ട്രേലിയക്ക് പോകാന്‍ വിസ ലഭ്യമാക്കാനാണ് ട്വിറ്ററിലൂടെ ഗവേഷക ഗീത സിംഗ് സുഷമയുടെ സഹായം തേടിയത്. ബുധനാഴ്ചയാണ് ഗീതക്ക് ഓസ്ട്രേലിയയില്‍ പോകേണ്ടത്. കഴിഞ്ഞ മാസം 14ന് വിസക്ക് അപേക്ഷിച്ചിട്ടും ലഭിച്ചില്ല. തുടര്‍ന്നായിരുന്നു മന്ത്രിക്ക് ട്വീറ്റ് ചെയ്തത്.
ആശുപത്രിയിലുള്ള മന്ത്രിയോട് സഹായം ആവശ്യപ്പെട്ടതിന് ഗീതയെ കുറ്റപ്പെടുത്തി നിരവധിയാളുകള്‍ രംഗത്തെത്തി. സുഷമയുടെ പ്രതികരണം ഇവരെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. എയിംസിലുണ്ടെന്നും തന്നെ വന്നുകാണാനും മറുപടി നല്കിയ മന്ത്രി എല്ലാ സഹായവും നല്‍കുമെന്നും അറിയിച്ചു. പാസ്പോര്‍ട്ട് നല്‍കിയതായി പിന്നീട് സുഷമ ട്വീറ്റ് ചെയ്തു. ട്വിറ്ററിലൂടെ സഹായം ലഭ്യമാക്കി സുഷമ നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
വിശ്രമത്തിലാണെങ്കിലും വിദേശകാര്യമന്ത്രി വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്. അമേരിക്കന്‍ യുവതി ദല്‍ഹിയില്‍ പീഡനത്തിനിരയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കുന്നതിന് സുഷമ ഇടപെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: