ആലുവ: മണപ്പുറത്ത് പാര്‍ക്കും സ്റ്റേഡിയവും നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ നഗരസഭ കൗണ്‍സില്‍ യോഗത്തിലും പ്രതിഷേധം. കൗണ്‍സിലര്‍ കെ.വി. സരളയും ബിജെപി പ്രതിനിധി എ.സി. സന്തോഷ് കുമാറുമാണ് പ്രതിഷേധമുയര്‍ത്തിയത്.
കൗണ്‍സില്‍ തീരുമാനമില്ലാതെ ഇത്തരമൊരു നീക്കം നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് കെ.വി. സരള പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷത്ത് നിന്ന് തന്നെ പദ്ധതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി. യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് ലത്തീഫ് പൂഴിത്തറ നേരത്തെ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചിലര്‍ സംയുക്തമായിട്ടാണ് പദ്ധതിക്കായി ചരടുവലിക്കുന്നത്. കൗണ്സിലര്മാരല്ലാതെയുള്ളവരുടെ നീക്കം ദുരൂഹമാണെന്നാണ് ചില കൗണ്‍സിലര്‍മാരുടെയും അഭിപ്രായം. മണപ്പുറത്ത് ഒരു നിര്‍മ്മാണ പ്രവര്‍ത്തനത്തിനും ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും വിഷയം അജണ്ടയില്‍ പോലും ഇല്ലെന്നും പറഞ്ഞാണ് ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം ചര്‍ച്ച അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: