വടകര: യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി. ആര്. പ്രഫുല്‍കൃഷ്ണന്റെ വീടിനു നേരെ സിപിഎമ്മുകാര്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. ആയഞ്ചേരി പഞ്ചായത്തില്‍ കടമേരിയിലെ ചെറുവാച്ചേരി വീടിനു നേരെയാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ നേതൃത്വത്തില്‍ കടമേരിയില്‍ നടത്തിയ പ്രകടനത്തിനുനേരെയും സിപിഎമ്മുകാര്‍ ബോംബെറിഞ്ഞു.
ബോംബേറില്‍ ഗുരുതരമായി പരിക്കേറ്റ ആര്‍എസ്എസ് കടമേരി ശാഖാ മുഖ്യശിക്ഷക് സൂരജ് കുറ്റിയിലി (26)നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെയാണ് സി. ആര്. പ്രഫുല്‍കൃഷ്ണന്റെ വീടിനുനേരെ പെട്രോള്‍ബോംബ് എറിഞ്ഞത്. വീടിന്റെ പിന്‍ഭാഗത്ത് സ്ഥാപിച്ച എസി ലക്ഷ്യമാക്കിയാണ് ബോംബ് എറിഞ്ഞതെന്നാണ് കരുതുന്നത്. ലക്ഷ്യം തെറ്റി ചുമരില്‍ കൊണ്ട പെട്രോള്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചു.
ഈ സമയം പ്രഫുല്‍ കൃഷ്ണനും കുടുംബവും വീട്ടിലുണ്ടായിരുന്നു. ശബ്ദംകേട്ട് എഴുന്നേല്‍ക്കുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.
ബൈക്കിലെത്തിയവരാണ് അക്രമം നടത്തിയത്. വിവരമറിഞ്ഞ് നാദാപുരം പോലീസ് സ്ഥലത്തെത്തി. ബുധനാഴ്ച രാത്രി പത്തോടെ കടമേരിയിലെ ആര്‍എസ്എസ് ശാഖയ്ക്കു നേരെ ബോംബ് എറിഞ്ഞിരുന്നു. ഇവിടെ നിന്ന് പൊട്ടാതെ കിടന്ന രണ്ടു നാടന്‍ ബോംബുകളും പോലീസ് കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് കടമേരിയില്‍ തന്നെയുള്ള പ്രഫുല്‍കൃഷ്ണന്റെ വീടിനു നേരെയും ആക്രണമുണ്ടായത്.
സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് വൈകീട്ട് കടമേരിയില്‍ നടത്തിയ പ്രകടനത്തിനുനേരെ സിപിഎമ്മുകാര്‍ ബോംബെറിഞ്ഞു. പോലീസ് നോക്കി നില്‍ക്കെയാണ് സിപിഎമ്മുകാര്‍ ആക്രമണം നടത്തിയത്. സിപിഎം നിയന്ത്രണത്തിലുള്ള ക്ലബ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്നാണ് പ്രകടനക്കാര്‍ക്കുനേരെ ബോംബെറിഞ്ഞത്.
സോഡാകുപ്പികളും എറിഞ്ഞു. സിപിഎം അക്രമികളെ സഹായിക്കുന്ന തരത്തില്‍ പോലീസ് പ്രകടനം നടത്തിയവര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
പ്രഫുല്‍കൃഷ്ണന്റെ വീടിനുനേരെയും പ്രകടനത്തിനു നേരെയുമുണ്ടായ അക്രമത്തില്‍ ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു എന്നിവര്‍ പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കേണ്ട പോലീസ് അവരെ പിന്തുണക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
ബിജെപി സംസ്ഥാന സെക്രട്ടറി വി. കെ. സജീവന്, സംസ്ഥാന വക്താവ് പി. രഘുനാഥ്, മേഖലാ സെക്രട്ടറി എം. പി.രാജന്, രാമദാസ് മണലേരി, എം. മോഹനന്, ജില്ലാ പ്രസിഡന്റ് ടി. പി. ജയചന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. പി. പ്രകാശ്ബാബു, ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട്, ജനറല്‍ സെക്രട്ടറി ഹരീഷ്കുമാര്‍, ട്രഷറര്‍ നിവേദ് തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: