ന്യൂദല്‍ഹി: ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആഴ്ചതോറും ഓണ്‍ലൈന്‍ നറുക്കെടുപ്പുകള്‍ നടത്താന്‍ നിതി ആയോഗ് നിര്‍ദ്ദേശിച്ചു. ഇതിനായി പുതിയ പദ്ധതി പ്രഖ്യാപിക്കാന്‍ നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ(എന്‍പിസിഐ)ക്കാണ് ചുമതല. ഇലക്ട്രോണിക് പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരം ആകര്‍ഷക പദ്ധതികള്‍ ആവശ്യമാണെന്ന് നിതി ആയോഗ് പ്രസ്താവിച്ചു.
ആഴ്ചതോറുമുള്ള നറുക്കെടുപ്പിന് പുറമേ മൂന്നുമാസം കൂടുമ്പോള്‍ വലിയ തുകയുടെ നറുക്കെടുപ്പും എന്‍പിസിഐ നടത്തും. യുഎസ്എസ്ഡി, എഇപിഎസ്, യുപിഐ, റുപേ കാര്‍ഡ് എന്നിവ വഴി നടത്തിയ ഇടപാടുകളെയാണ് നറുക്കെടുപ്പിന് ഉള്‍പ്പെടുത്തുക. പിഒഎസ് മെഷീനുകള്‍ കടകളില്‍ സ്ഥാപിച്ച കച്ചവടക്കാരെയും നറുക്കെടുപ്പില്‍ ഉള്‍ക്കൊള്ളിക്കും. പദ്ധതിയുടെ വിശദവിവരങ്ങള്‍ നിതി ആയോഗ് ഉടന്‍ പ്രഖ്യാപിക്കും.
നവംബര്‍ 8ന് ശേഷം ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തിയവരെയെല്ലാം നറുക്കെടുപ്പില്‍ പങ്കാളികളാക്കും. സംസ്ഥാന സര്‍ക്കാരുകള്‍, ജില്ലാ, തദ്ദേശീയ ഭരണകൂടങ്ങള്‍ എന്നിവയുടെ സാമ്പത്തിക ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴി ചെയ്യുന്ന വ്യക്തികള്‍ക്കും നറുക്കെടുപ്പുകളുടെ ഭാഗമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: