ഹോം » കുമ്മനം പറയുന്നു » 

സുപ്രീംകോടതി വിധി ദുരാരോപണത്തിനേറ്റ കനത്ത തിരിച്ചടി: കുമ്മനം

ചരല്‍കുന്ന് (പത്തനംതിട്ട): സഹകരണ മേഖലയെ തകര്‍ക്കാന്‍ മോദി സര്‍ക്കാര്‍ മനപൂര്‍വ്വം ശ്രമിച്ചു എന്ന സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും ദുരാരോപണത്തിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധി എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ബിജെപി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ ചരല്‍ക്കുന്നില്‍ ആരംഭിച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ സംസ്ഥാന പ്രവര്‍ത്തക പരിശീലന ശിബിരത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സഹകരണ മേഖല മാതൃകാപരമാണെന്നും എല്ലാ ഇടപാടുകളൂം നിയമപരമാണെന്നും സഹകരണ സ്ഥാപനങ്ങളെ നശിപ്പിക്കുകയാണ് ബിജെപി ലക്ഷ്യമെന്നും പ്രചരിപ്പിച്ച് ആശയക്കുഴപ്പവും വിഭ്രാന്തിയും സൃഷ്ടിച്ച സര്‍ക്കാര്‍ മാപ്പു പറയണം. സഹകരണ മേഖല വ്യവസ്ഥാപിതവും സുശക്തവും സുതാര്യവും ആകണമെന്നാണ് ബിജെപിയുടെ അന്നും ഇന്നുമുള്ള നിലപാട് . സുപ്രീം കോടതി വിധിയോടെ യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്ക് ബോധ്യമായി. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ എന്നിവര്‍ ജനങ്ങളോട് മാപ്പു പറയണം.

കേരളത്തില്‍ ദേശീയ പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്നുള്ള സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണ്. കേരളത്തെ മദ്യത്തിന്റെ പിടിയില്‍ നിന്നും മദ്യപാനം മൂലം സാമൂഹ്യ ജീവിതത്തില്‍ സംഭവിച്ച ആഘാതത്തില്‍ നിന്നും മോചിപ്പിക്കാന്‍ ഈ നടപടി സഹായകമാകും. സര്‍ക്കാരിന്റെ മദ്യനയം എന്തെന്ന് ഇനിയെങ്കിലും ജനങ്ങളോട് വിശദീകരിക്കാന്‍ തയ്യാറാവണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

കുമ്മനം പറയുന്നു - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick