കൊച്ചി: എംബിഎയ്ക്കു തുല്യമല്ല പോസ്റ്റ്ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് (പിജിഡിഎം) എന്നു ചൂണ്ടിക്കാട്ടി മാര്‍ക്കറ്റിംഗ് ഓഫീസര്‍ തസ്തികയിലേക്ക് നല്കിയ നിയമനം നിഷേധിച്ച കാനറ ബാങ്കിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഉദ്യോഗാര്‍ത്ഥിക്ക് നിയമനം നല്‍കാനും സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
ചേര്‍ത്തല വലിയകുളങ്ങര സ്വദേശി എസ്. ഹരിദേവ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ബി ടെക്കും പിജിഡിഎം യോഗ്യതയുമുള്ള ഹര്ജിക്കാരന് മാര്‍ക്കറ്റിംഗ് ഓഫീസര്‍ തസ്തികയിലേക്ക് (സ്കെയില്‍ വണ്‍) നല്കിയ നിയമനം കഴിഞ്ഞ ജൂണ്‍ 29 നാണ് ബാങ്ക് അധികൃതര്‍ റദ്ദാക്കിയത്. ഈ തസ്തികയിലേക്ക് പരിഗണിക്കാന്‍ അടിസ്ഥാന യോഗ്യതയായി നിഷ്കര്‍ഷിച്ചിരുന്ന എംബിഎ യ്ക്കു തുല്യമല്ല ഹര്ജിക്കാരന് നേടിയ പിജിഡിഎം എന്നു ചൂണ്ടിക്കാട്ടിയായിരുന്ന നിയമനം റദ്ദാക്കിയത്.
സ്വകാര്യ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ബിരുദ, ഡിപ്ലോമ കോഴ്സുകള്‍ക്ക് അംഗീകാരം നല്കുന്ന എഐസിടിഇ തന്നെ എം.ബി.എയ്ക്കു തുല്യമാണ് പിജിഡിഎം എന്നു വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹര്ജിക്കാരന് വിശദീകരിച്ചു. ഇതു സംബന്ധിച്ച രേഖകളും ഹാജരാക്കി. തുടര്‍ന്നാണ് ബാങ്കിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: