ചരല്‍ക്കുന്ന്( പത്തനംതിട്ട): ബിജെപി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാലുദിവസമായി ചരല്‍ക്കുന്ന് മര്‍ത്തോമ്മാ കണ്വന്ഷന് സെന്ററില്‍ നടന്നുവന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ പരിശീലന ശിബിരം സമാപിച്ചു. ബിജെപിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ കരുപ്പിടിപ്പിക്കാനും സംഘടനയെ വിപുലവും വ്യാപകവും ബഹുജനാടിത്തറയുമുള്ള മഹാപ്രസ്ഥാനമായി വളര്‍ത്തിയെടുക്കാനുമുള്ള കര്‍മ്മപദ്ധതികള്‍ക്ക് ശിബിരം രൂപം നല്കി.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ നാട്ടിലെ ജനങ്ങളെ മുഴുവന്‍ അണിനിരത്തി ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് എല്‍ഡിഎഫിനും യുഡിഎഫിനും എതിരേ ജനമനഃസാക്ഷിയെ ഉണര്‍ത്തി ഒരു ജനവിധി നേടാനുള്ള തയ്യാറെടുപ്പുകള്‍ക്ക് രൂപം നല്‍കിയാണ് ശിബിരം സമാപിച്ചത്.
ദേശീയ ജനറല്‍ സെക്രട്ടറി പി.മുരളീധരറാവു, ദേശീയ സഹസംഘടനാ സെക്രട്ടറിമാരായ ബി.എല്‍.സന്തോഷ്, വി.സതീശ്, കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്.രാജ, സംസ്ഥാന നേതാക്കളായ കുമ്മനം രാജശേഖരന്, ഒ.രാജഗോപാല്‍ എംഎല്‍എ, സി.കെ.പത്മനാഭന്, എ.എന്‍.രാധാകൃഷ്ണന്, എം.ടി.രമേശ്, കെ.സുരേന്ദ്രന്, വി.മുരളീധരന്, അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള, ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി.രാധാകൃഷ്ണന് തുടങ്ങിയവര്‍ സാംസ്കാരിക ദേശീയത, ഏകാത്മ മാനവദര്‍ശനം, രാഷ്ട്രം നേരിടുന്ന വെല്ലുവിളികള്‍, ലോകവീക്ഷണവും വിദേശ നയവും, കേരളത്തിന്റെ സാമൂഹ്യനവോത്ഥാന ചരിത്രം, പാര്‍ട്ടിയുടെ ചരിത്രവും വികാസവും, എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍, പാര്‍ട്ടി ഭരണഘടന, ഹെല്‍പ്പ് ഡെസ്ക്, ജലസ്വരാജ്, ഡിജിറ്റല്‍ ബാങ്കിങ്, സാമ്പത്തിക പരിഷ്ക്കരണം, കാര്യകര്തൃവ്യക്തിത്വ വികാസം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസെടുത്തു.
സംഘടനാത്മക പ്രവര്‍ത്തനങ്ങള്‍, പ്രക്ഷോഭാത്മക പ്രവര്‍ത്തനങ്ങള്‍, രചനാത്മക പ്രവര്‍ത്തനങ്ങള്‍ എന്ന മൂന്നുതലത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കിയാണ് ശിബിരം സമാപിച്ചത്.
ബിജെപി സംസ്ഥാന ഭാരവാഹികള്‍, ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലാ പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരാണ് ശിബിരത്തില്‍ പങ്കെടുത്തത്. 15 ന് വൈകിട്ട് 5.30ന് ഒ.രാജഗോപാല്‍ എംഎല്‍എ പരിശീലന ശിബിരം ഉദ്ഘാടനം ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് 12 ന് നടന്ന സമാപന സഭയില്‍ ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ് സമാരോപ് സന്ദേശം നല്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: