കോഴഞ്ചേരി: ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ചു. രാവിലെ 7.30ന് ഘോഷയാത്ര കിഴക്കേ നടയില്‍ നിന്നാണ് പുറപ്പെട്ടത്. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയാണ് 451 പവന് തൂക്കമുള്ള തങ്കഅങ്കി ഭഗവാന് സമര്‍പ്പിച്ചത്.
26ന് ഉച്ചയ്ക്ക് 12നും 12.15നും മദ്ധ്യേ ശബരിമലയില്‍ നടക്കുന്ന മണ്ഡല പൂജാ വേളയില്‍ അങ്കി ചാര്‍ത്തിയാണ് അയ്യപ്പസ്വാമിക്ക് പ്രത്യേക പൂജ നടക്കുക. ഇന്നലെ പുലര്‍ച്ചെ 5 മുതല്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ തങ്കഅങ്കി ദര്‍ശിക്കുന്നതിന് ഭക്തര്‍ക്ക് അവസരം ഒരുക്കിയിരുന്നു.
വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഘോഷയാത്ര ഇന്നലെ ഓമല്ലൂര്‍ രക്തകണ്ഠസ്വാമി മഹാക്ഷേത്രത്തില്‍ വിശ്രമിച്ചു.
ഇന്ന് രാത്രി കോന്നി മുരിങ്ങമംഗലം മഹാദേവര്‍ ക്ഷേത്രത്തിലും, 24ന് പെരുനാട് ക്ഷേത്രത്തിലും വിശ്രമിക്കും, 25ന് വൈകിട്ട് 5 മണിയോടെ ശരംകുത്തിയിലെത്തിച്ചേരുന്ന ഘോഷയാത്രയെ ആചാരപൂര്‍വ്വം സന്നിധാനത്തേക്ക് സ്വീകരിച്ചാനയിക്കും. മണ്ഡലകാല പൂജകള്‍ പൂര്‍ത്തിയാക്കി 26ന് രാത്രി 10ന് അടയ്ക്കുന്ന തിരുനട 30ന് വീണ്ടും തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: