ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

ഭവന പദ്ധതിയിലെ അഴിമതി: കാസര്‍കോട് നഗരസഭ കൗണ്‍സില്‍ യോഗം ബിജെപി സ്തംഭിപ്പിച്ചു യോഗം നടത്താനാകാതെ ചേയര്‍പേഴ്‌സണ്‍ ഇറങ്ങിപ്പോയി

December 23, 2016

കാസര്‍കോട്: നഗരസഭ നടപ്പാക്കി വരുന്ന ഭവന പദ്ധതിയില്‍ അഴിമതി കാണിച്ചതിന് വിജിലന്‍സ് അന്വേഷണം നേരിടുന്ന കാസര്‍കോട് നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണെതിരെ നടപടിയെടുക്കണമെന്നവശ്യപ്പെട്ട് കൗണ്‍സില്‍ യോഗം പ്രതിപക്ഷ നേതാവ് പി.രമേസിന്റെ നേതൃത്വത്തില്‍ സ്തംഭിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ ഹാളില്‍ പ്രവേശിച്ചയുടനെ പ്രതിഷേധം തുടങ്ങിയതിനാല്‍ യോഗം ആരംഭിക്കാനാകാതെ അവര്‍ക്ക് ഇറങ്ങി പോകേണ്ടി വന്നു. ബിജെപിയുടെ ശക്തമായ പ്രതിഷേധത്തിന് നഗരസഭ കൗണ്‍സില്‍ ഹാള്‍ സാക്ഷ്യം വഹിച്ചതോടെ യുഡിഎഫ് അംഗങ്ങള്‍ ചെയര്‍പേഴ്‌സണ് സംരക്ഷണമൊരുക്കാനെന്ന വ്യാജേന വേദിയില്‍ കയറുകയും ബിജെപി കൗണ്‍സിലര്‍മാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത് വാക്കേറ്റത്തിന് കാരണമായി. നഗരസഭയില്‍ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി രാവിലെ 11.30 മണിയോടെയാണ് കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ യോഗം ആരംഭിച്ചത്. നഗരസഭായോഗത്തില്‍ ചര്‍ച്ചക്കെടുക്കേണ്ട വിഷയങ്ങളില്‍ 58ാമത്തെ അജണ്ടയായ പട്ടിക ജാതി ഭവന പുനരുദ്ധാരണ പദ്ധതിയിലെ വന്‍ അഴിമതിയാണ് നടത്തിയിരിക്കുന്നത്.
ബിജെപി അംഗങ്ങള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ് കൂട്ട് നിന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക ഇത് വരെ കൗണ്‍സിലിന്റെ മേശപ്പുറത്ത് വെയ്ക്കുകയോ അംഗങ്ങള്‍ക്ക് നല്‍കുകയോ ചെയ്തിട്ടില്ല. കാസര്‍കോട് നഗരസഭ നടപ്പിലാക്കിയ ഭവനപുനരുദ്ധാരണപ്രവര്‍ത്തിയില്‍ നഗരസഭയിലെ വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അഴിമതി നടത്തിയെന്നും അവരെ തല്‍സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ആരോപണ വിധേയയായ കൗണ്‍സിലര്‍ യോഗത്തില്‍ വന്നില്ല. കൂടാതെ അവര്‍ ആഴ്ചകളായി നഗരസഭയില്‍ വന്നിട്ടെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു.
കൗണ്‍സില്‍ യോഗം ചേര്‍ന്നുവെന്നും അജണ്ടകള്‍ അംഗീകരിച്ചുവെന്നുമുള്ള ചെയര്‍പേഴ്‌സന്റെ വാദം പൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് പി.രമേശ് പറഞ്ഞു. മിനുട്ട് ബുക്കില്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച് ക്വാറം തികയാനാവശ്യമായ അംഗങ്ങള്‍ ഒപ്പ് രേഖപ്പെടുത്തിയിട്ടില്ല. ചെയര്‍പേഴ്‌സണ്‍ യുഡിഎഫ് അംഗങ്ങളെ മാത്രം രഹസ്യമായി മുറിയില്‍ വിളിച്ച് കൊണ്ടുപോയി മിനുട്ട്‌സ് ബുക്കില്‍ ഒപ്പ് രേഖപ്പെടുത്തി ക്വാറം തികയ്ക്കുകയായിരിക്കും ചെയ്തിട്ടുണ്ടാകുക. വരും ദിവസങ്ങളില്‍ ശക്തമായ സമരവുമയി ബിജെപി മുന്നോട്ട് പോകുമെന്ന് പി.രമേശ് വ്യക്തമാക്കി. തുടര്‍ന്ന് ബിജെപി പ്രതിഷേധപ്രകടനം നടത്തി. ഉപരോധത്തില്‍ കൗണ്‍സിലര്‍മാരായ ഉമ, പ്രേമ, സവിത ടീച്ചര്‍, സന്ധ്യഷെട്ടി, ജാനകി, ശ്രീലത, കെ.ജി.മനോഹരന്‍, ശങ്കരന്‍, സുജിത്ത്, അരുണ്‍കുമാര്‍ ഷെട്ടി, രവീന്ദ്ര പുജാരി, ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick