ഹോം » പ്രാദേശികം » കാസര്‍കോട് » 

കാസര്‍കോട് ജനറല്‍ ആശുപത്രിയെ പുനര്‍ജ്ജനിപ്പിക്കാന്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍

December 28, 2016
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് പുത്തനുണര്‍വ്വേകാന്‍ എല്‍ബിഎസ് കോളേജ് ഓഫ് എഞ്ചിനിയറിംഗിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പുനര്‍ജ്ജനി പദ്ധതിയുമായെത്തി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്‌നിക്കല്‍ സെല്‍ വിഭാഗം കഴിഞ്ഞ മുന്ന് ദിവസങ്ങളിലായി ആശുപത്രിയിലെത്തി ഉപകരണങ്ങളുടെ റിപ്പയറിംഗ്, പെയിന്റിംഗ് ജോലികള്‍ ചെയ്ത് വരികയാണ്. വര്‍ഷത്തില്‍ നടക്കുന്ന എന്‍എസ്എസ് വളണ്ടിയര്‍മാരുടെ സപ്തദിന ക്യാമ്പിന്റെ ഭാഗമായി 120 വളണ്ടിയര്‍മാര്‍ സേവന പ്രവര്‍ത്തനങ്ങളുമായി ആശുപത്രിയിലുണ്ട്. ആറ് ടീമുകളായി തിരിഞ്ഞാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
വളണ്ടിയര്‍മാര്‍ ബ്രഷും പെയിന്റുമെടുത്തതോടെ വര്‍ഷങ്ങളായി പൊടിപിടിച്ച് കിടന്ന ഉപകരണങ്ങള്‍ക്ക് പുതുമോടിയേകി. യുവത്വം ആസ്തികളുടെ പുനര്‍നിര്‍മ്മാണത്തിനായി എന്ന മുദ്രാവാക്യവുമായാണ് വിദ്യാര്‍ത്ഥികളെത്തിയത്. പദ്ധതി പ്രകാരം സര്‍ക്കാര്‍ ആശുപത്രികളിലെ ഉപയോഗ ശൂന്യമായി കിടക്കുന്ന പുനരുപയോഗിക്കാന്‍ കഴിയുന്ന ഉപകരണങ്ങളും ഫര്‍ണീച്ചറുകളും സാങ്കേതിക വിദ്യാഭ്യാസവും പരിശീലനവും നേടിയിട്ടുള്ള എന്‍എസ്എസ് വളണ്ടിയര്‍മാരുടെ പരിശ്രമത്തിലൂടെ ഉപയോഗ യോഗ്യമാക്കുകയെന്നതാണ് ലക്ഷ്യമാക്കുന്നത്. ഇവരുടെ സേവനത്തിലൂടെ കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് അമ്പത് ലക്ഷത്തിലധികം രൂപയുടെ ലാഭം ലഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ.രാജാറാം ജന്മഭൂമിയോട് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഇത്തരം സേവന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നാല്‍ നാട്ടില്‍ വലിയൊരു മാറ്റം ഉണ്ടാക്കാന്‍ കഴിയും. അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്യാമ്പിന്റെ ഏഴ് ദിവസവും വളണ്ടിയര്‍മാര്‍ വെല്‍ഡിംഗ്, പ്ലബിംഗ്, ഇലക്ട്രിക്കല്‍ വയറിംഗ്, വൈദ്യുത ഉപകരണങ്ങള്‍, ബയോ മോഡിക്കല്‍ ഉപകരണങ്ങളുടെ റിപ്പയറിംഗ്, മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ സജ്ജമാക്കല്‍, പെയിന്റിംഗ് തുടങ്ങിയവയുമായി ആശുപത്രിയിലുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ആശുപത്രി ജീവനക്കാരുമെത്തിയതോടെ സ്ഥാപനത്തിന്റെ മുഖഛായ തന്നെ മാറ്റിയെഴുതാനുള്ള പരിശ്രമത്തിലാണെല്ലാവരും.  പാവപ്പെട്ട രോഗികള്‍ ആശ്രയിക്കുന്ന ജനറല്‍ ആശുപത്രി ഉപകരണങ്ങളുടെ ലഭ്യത കുറവ് മൂലം ചികിത്സാ രംഗത്ത് വലിയ ബുദ്ധിമുട്ടാണ് ഇന്ന് അനുഭവിക്കുന്നത്. ഇതിന് വലിയൊരു ആശ്വാസമാകും വിദ്യാര്‍ത്ഥികളുടെ ഈ പ്രവര്‍ത്തനം. ബി.പി. നോക്കുന്ന ഉപകരണങ്ങളും ഫര്‍ണീച്ചറുകളും ഉള്‍പ്പെടെ ആയിരത്തിനടുത്ത് വസ്തുക്കള്‍ കുട്ടികള്‍ നന്നാക്കി ആശുപത്രിക്ക് നല്‍കി കൊണ്ടിരിക്കുകയാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ട് എന്‍എസ്എസ് പ്രേഗ്രാം ഓഫീസര്‍മാരായ കൃഷ്ണപ്രസാദ്, വി.മഞ്ജു, എ.പി.ഒ പ്രിയംവദ.ആര്‍, വളണ്ടിയര്‍ സെക്രട്ടറിമാരായ അഫ്ഹാം അഹമ്മദ് വി.പി.എം., ഐശ്വര്യ വേണുഗോപാല്‍ എന്നിവരുമുണ്ട്. എന്‍എസ്എസ് ടെക്‌നിക്കല്‍ വിഭാഗം നല്‍കിയ തുകയും, ആശുപത്രി ഫണ്ടും, സ്‌പോണ്‍സര്‍മാര്‍ നല്‍കുന്ന തുകകളുമുപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ പെയിന്റും മറ്റ് വസ്തുക്കളും വാങ്ങുന്നത്. കൂടുതല്‍ സഹകരണവുമായി സുമനസ്സുകളെത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍.
കഴിഞ്ഞ ദിവസം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആശുപത്രി അങ്കണത്തില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍എ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷുക്കൂര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍.എമഹമ്മൂദ്, കോളേജ് പി.ടി.എ വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്മാന്‍, ജനറല്‍ ആസുപത്രി സൂപ്രണ്ട് ഡോ.കെ.കെ.രാജാറാം, ഡോ.വെങ്കിട്ടഗിരി, ആശുപത്രി പി.ആര്‍.ഒ. സല്‍മ.ടി.ബാബു എന്നിവര്‍ സംസാരിച്ചു.
Related News from Archive
Editor's Pick