ഹോം » പ്രാദേശികം » എറണാകുളം » 

കുടുംബസമേതം പുതുവത്‌സരം ആഘോഷിക്കാം: സിറ്റി പോലീസ്

December 30, 2016

കൊച്ചി: പുതുവത്‌സരാഘോഷ പരിപാടികള്‍ക്ക് കുടുംബസമേതം പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സിറ്റി പോലീസ് കമ്മീഷണര്‍ പി. ദിനേശിന്റെ മേല്‍നോട്ടത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ അരുള്‍ ആര്‍.ബി. കൃഷ്ണയുടെ നേതൃത്വത്തില്‍ സിറ്റിയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ പങ്കെടുക്കും.
ആഘോഷ പരിപാടികളില്‍ മദ്യത്തിന്റെ വിതരണവും ഉപയോഗവും അബ്കാരി നിയമം അനുസരിച്ച് തന്നെയാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിനും മയക്കുമരുന്നിന്റെയും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെയും ഉപയോഗവും വിതരണവും കണ്ടെത്തി കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിനും പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസുകളിള്‍പ്പെട്ടിട്ടുള്ളവരെല്ലാം ആഘോഷങ്ങള്‍ കണക്കിലെടുത്ത് പോലീസിന്റെ നിരീക്ഷണത്തിലാണ്. പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം കണ്ടെത്തി കര്‍ശനമായി നടപടികള്‍ സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താന്‍ നഗരത്തിലെമ്പാടും പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുണ്ട്.
ആഘോഷങ്ങള്‍ നടക്കുന്ന എല്ലായിടങ്ങളിലും ആളുകള്‍ തിങ്ങിക്കൂടാന്‍ സാധ്യതയുള്ള പാര്‍ക്കുകള്‍, ടൂറിസ്റ്റ്‌കേന്ദ്രങ്ങള്‍, മൈതാനങ്ങള്‍ കൂടാതെ തിരക്കേറിയ ഷോപ്പിംഗ്മാളുകള്‍, സിനിമാ തീയേറ്ററുകള്‍ എന്നിവിടങ്ങളിലെല്ലാം പോലീസ് സാന്നിധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്. യൂണിഫോമിലുള്ള പോലീസ്ഉദ്യോഗസ്ഥരെ കൂടാതെ വനിതാ പോലീസുദ്യോഗസ്ഥരടക്കം ഷാഡോ പോലീസ് ടീമിനെയും മഫ്തിയില്‍ വിന്യസിച്ചിട്ടുണ്ട്. ആഘോഷപരിപാടികള്‍ നടക്കുന്ന ഒറ്റപ്പെട്ട സഥലങ്ങളിലും കായല്‍ തുരുത്തുകളിലും മറ്റുമുള്ള റിസോര്‍ട്ടുകളിലുമെല്ലാം പോലീസ് പരിശോധന ഉറപ്പാക്കിയിട്ടുണ്ട്.
ടൂറിസംകേന്ദ്രങ്ങളില്‍ വിദേശ, ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് മികച്ച സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. ടൂറിസം പോലീസിന്റെ സേവനം എല്ലായിടങ്ങളിലും ലഭ്യമാക്കും. ഫോര്‍ട്ടുകൊച്ചിയില്‍ ഇക്കാര്യത്തിലേക്കായി പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ സര്‍വീസ് നടത്തുന്ന ഉല്ലാസനൗകകള്‍ കണ്ടെത്തി നടപടി സ്വീകരിക്കുവാന്‍ കോസ്റ്റല്‍ പോലീസ് ടീമുകള്‍ പട്രോളിംഗ് നടത്തും. ഉല്ലാസ നൗകകളില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടോയെന്ന് പട്രോളിംഗ് ടീമുകള്‍ പരിശോധിക്കും. തീരസുരക്ഷ ശക്തമാക്കുന്നതിന് ഇന്ത്യന്‍ നേവിയുമായും കോസ്റ്റ് ഗാര്‍ഡുമായും ചേര്‍ന്ന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
30 ന് വൈകിട്ട് 4 മണിക്ക് തന്നെ പോലീസ് സേനയെ വിന്യസിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും. പോലീസ് സേനയുടെ സേവനം പുതുവത്‌സര ദിനം പുലര്‍ച്ചെവരെ ഉറപ്പാക്കിയിട്ടുണ്ട്. നൂറിലധികം പോലീസ് ജീപ്പുകളും ഇരുനൂറോളം പോലീസ് മോട്ടോര്‍സൈക്കിളുകളും ന്യൂഇയര്‍ പ്രമാണിച്ച് മൊബൈല്‍ പട്രോൡഗിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 1500 ലധികം പേരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ കണ്‍ട്രോള്‍റൂമില്‍നിന്നുള്ള 25 ഓളം ഫ്‌ളൈയിംഗ് സ്‌ക്വാഡുകളും സ്ത്രീസുരക്ഷക്കായി പുതുതായി ഏര്‍പ്പെടുത്തിയിട്ടുള്ള പിങ്ക് പട്രോള്‍ വാഹനങ്ങളും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിക്കും. നഗരത്തിലേക്കുള്ള പ്രവേശനകവാടങ്ങളില്‍ വാഹനപരിശോധന ശക്തമാക്കും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സിറ്റിയില്‍ വിവിധ ഭാഗങ്ങളിലായി അസി. കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ ക്വിക്ക് റിയാക്ഷന്‍ ടീമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
സ്ത്രീസുരക്ഷക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പിങ്ക് പട്രോള്‍ വാഹനങ്ങളുടെ സേവനം 1515 എന്ന ടോള്‍ഫ്രീ നമ്പറില്‍ സദാസമയവും ലഭ്യമാണ്. പോലീസ് സേവനങ്ങള്‍ ആവശ്യമുള്ളപ്പോഴും അസ്വാഭാവികമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും ഉടനടി പോലീസ് കണ്‍ട്രോള്‍ റൂമില്‍ (100). കൂടാതെ സിറ്റി പോലീസ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന 0484-2385006 എന്ന നമ്പറിലും അറിയിക്കേണ്ടതാണ്. ഷാഡോ പോലീസിന്റെ സേവനം 9497980430 എന്ന നമ്പറില്‍ ലഭ്യമാണ്.

എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick