ഹോം » കുമ്മനം പറയുന്നു » 

റേഷന്‍ അരിയുണ്ടോയെന്ന് തിരക്കിയിട്ട് ചങ്ങല കൊരുക്കൂ: കുമ്മനം

 

തിരുവനന്തപുരം: റേഷന്‍കടകളില്‍ അരിയുണ്ടോയെന്ന് തിരക്കിയശേഷമേ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ മനുഷ്യച്ചങ്ങലയില്‍ അണിചേരാന്‍ പോകാവൂ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

നോട്ടു മാറിയെടുക്കാന്‍ ക്യൂ നില്‍ക്കാന്‍ കഴിയാത്തവരാണ് കേരളത്തില്‍ 600 കിലോമീറ്റര്‍ ദൂരം കൈകോര്‍ത്ത് വരിവരിയായി നില്‍ക്കുന്നത്. ഇത് മനുഷ്യച്ചങ്ങലയല്ലെന്നും കള്ളപ്പണ ചങ്ങലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് സംസ്ഥാനസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിച്ച ഏകദിന ഉപവാസസമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇല്ലാത്ത ക്യൂവിന്റെ പേരില്‍ പ്രതിഷേധിക്കാന്‍ പോകുന്നവര്‍ നോട്ടിനാണോ അരിക്കാണോ കേരളത്തില്‍ ക്ഷാമമെന്ന് പറയണം. ചങ്ങലയില്‍ അണിചേരുന്നവര്‍ തൊട്ടടുത്ത് നില്‍ക്കുന്നയാളിന് അരി കിട്ടിയോ എന്ന് തിരക്കണം. വിപ്ലവകരമായ സാമ്പത്തിക പരിഷ്‌കരണം നടക്കുമ്പോഴുണ്ടായ ബുദ്ധിമുട്ടുകള്‍ ഓരോന്നായി കേന്ദ്രസര്‍ക്കാര്‍ പരിഹരിച്ചുവരികയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഭാരതം ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തികശക്തിയായി വളര്‍ന്നു. 7.4 % മാണ് ഭാരതത്തിന്റെ ജിഡിപി . എന്നാല്‍ ഇടതുസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിക്കുന്ന കോടികള്‍ പാഴാക്കുകയാണ്. കൃഷിവകുപ്പ് കേന്ദ്രം നല്‍കിയ 43 കോടിരൂപ പാഴാക്കിയപ്പോള്‍ ഹോര്‍ട്ടികോര്‍പ്പ് 27 കോടി ചെലവഴിക്കാതെ ബാക്കി നിര്‍ത്തി.

ഭക്ഷ്യസുരക്ഷാനിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് ആവശ്യമുള്ളത്ര അരി കേന്ദ്രം നല്‍കിയത് എഫ്‌സിഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നു. ഇത് റേഷന്‍ കടകളിലെത്തിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അരി വിതരണം ചെയ്യാത്ത സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ നിഷേധിച്ച് പാര്‍ട്ടിക്കാരെ പിന്‍വാതിലിലൂടെ നിയമിക്കാന്‍ ഉത്സാഹിക്കുകയാണ്.

ഇടതുമുന്നണിക്ക് അല്‍പ്പമെങ്കിലും ധാര്‍മികത ബാക്കിയുണ്ടെങ്കില്‍ കൊലക്കേസ് പ്രതിയായ എം.എം. മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവയ്പ്പിക്കണം. അഴിമതിയില്ലാത്ത സുതാര്യഭരണമാണ് കേരളത്തില്‍ വേണ്ടത്. എന്നാല്‍ അധികാരമേറ്റപ്പോള്‍ മുതല്‍ അഴിമതിക്ക് കളമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും കുമ്മനം ആരോപിച്ചു.

കുമ്മനം പറയുന്നു - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick