ഹോം » പ്രാദേശികം » എറണാകുളം » 

ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ഐടി വ്യവസായത്തിന് ഊര്‍ജം നല്‍കും: ഡോ. ബാജു ജോര്‍ജ്

January 1, 2017

കൊച്ചി: ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ഇന്ത്യയിലെ ഐടി വ്യവസായ മേഖലയ്ക്ക് ഊര്‍ജം പകരുമെന്ന് കൊച്ചി സ്മാര്‍ട്‌സിറ്റി സിഇഒ ഡോ. ബാജു ജോര്‍ജ് പറഞ്ഞു. കൊച്ചി സ്മാര്‍ട്‌സിറ്റിയില്‍ എന്‍ഡൈമെന്‍ഷന്‍സ് എന്ന ഐടി കമ്പനിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത് വര്‍ഷം മുമ്പ് വൈ 2 കെ എന്ന പ്രശ്‌നം ആഗോള ഐടി രംഗത്ത് മികച്ച സ്ഥാനമുറപ്പിക്കാന്‍ ഇന്ത്യയ്ക്ക് സഹായകമായി. 100 ദശലക്ഷം ഡോളര്‍ അക്കാലത്ത് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. സമാനമായ സാഹചര്യമാണ് ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയം മൂലം ഉണ്ടായിട്ടുള്ളതെന്നും ബാജു ജോര്‍ജ് പറഞ്ഞു. എന്നാല്‍ പിഴവുകളില്ലാത്ത ഡിജിറ്റല്‍ ഇടപാടുകള്‍ ഉറപ്പാക്കാന്‍ സൈബര്‍ സുരക്ഷ, ഡാറ്റാ സെന്റര്‍ സ്ഥാപിക്കല്‍ തുടങ്ങി പല തടസങ്ങളുണ്ട്. ലോക ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച നിലവില്‍ 7.8% ആണ്. നിലവിലെ സാഹചര്യം ആഭ്യന്തര ഉല്‍പാദന നിരക്ക് 10% ആയി ഉയരാനിടയാക്കും. ഇത് ദാരിദ്ര്യനിര്‍മാര്‍ജനത്തിന് സഹായകമാകുമെന്നും ബാജു ജോര്‍ജ് പറഞ്ഞു.
ഡാറ്റാ സെന്റര്‍ മാനേജ്‌മെന്റ്, പിസിഐ കണ്‍സള്‍ട്ടിംഗ്, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ്, അടുത്ത തലമുറ ക്ലൗഡ് സേവനങ്ങള്‍ തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡൈമെന്‍ഷന്‍സ് സ്മാര്‍ട്‌സിറ്റിയിലെ ആദ്യ ഐടി മന്ദിരത്തിലെ 10,000 ച.അടി സ്ഥലമാണ് ഏറ്റെടുത്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 100ലേറെ ഐടി വിദഗ്ധരാണ് ഇവിടെ ജോലി ചെയ്യുന്നത്. വൈകാതെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
എന്‍ഡൈമെന്‍ഷന്‍സ് സിഇഒയും സഹസ്ഥാപകനുമായ ജിതിന്‍ എം.വി, ഡയറക്ടര്‍മാരായ മുരളീധരന്‍ രാമസ്വാമി, സൂരജ് മോഹനന്‍, അനൂപ് അച്യുതന്‍, അനൂപ്കുമാര്‍, ഹേമന്ത്കുമാര്‍, നിശാന്ത് ഇ.വി തുടങ്ങിയവര്‍ പങ്കെടുത്തു.

Related News from Archive
Editor's Pick