ഹോം » കുമ്മനം പറയുന്നു » 

കേന്ദ്രത്തിനെതിരെ എല്‍ഡിഎഫ് സര്‍ക്കാരിന് അസഹിഷ്ണുത: കുമ്മനം

കൊല്ലം: കേന്ദ്രസര്‍ക്കാരിനെതിരെ അസഹിഷ്ണുത പുലര്‍ത്തുന്ന പിണറായിസര്‍ക്കാര്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തുന്നത് തടയാനുള്ള ശ്രമത്തിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.

പ്രധാനമന്ത്രി സംസാരിക്കാന്‍ തുടങ്ങുന്നതിന് മുമ്പെ അദ്ദേഹത്തെ ആക്ഷേപിച്ചുള്ള ഇടതുപ്രതികരണം അവരുടെ അസഹിഷ്ണുതയാണ് വെളിപ്പെടുത്തുന്നത്. കേന്ദ്രവുമായി സഹകരിച്ച് ജനങ്ങളെ പരമാവധി സഹായിക്കുക എന്ന മറ്റ് സംസ്ഥാന സര്‍ക്കാരുകളുടെ രീതിയെല്ലാം ഉപേക്ഷിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പോക്ക്.

കേന്ദ്രം നല്‍കുന്ന ഫണ്ട് പോലും യഥാവിധി ഉപയോഗിക്കാതിരിക്കുന്നു. പ്രധാനമന്ത്രിയുടെ പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. നടപ്പാക്കുന്നവയെ അട്ടിമറിക്കുകയും തകിടം മറിക്കുകയുമാണ്. കേന്ദ്രം നല്‍കുന്ന സഹായം പോലും പാവപ്പെട്ടവരിലേക്ക് എത്തിച്ചുനല്‍കാന്‍ രാഷ്ട്രീയ അന്ധത ബാധിച്ചിരിക്കുന്ന ഇടതുസര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇതൊന്നും ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് നോട്ടുവിഷയം ഇപ്പോഴും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തില്‍ നോട്ടുക്ഷാമമല്ല, മറിച്ച് അരിക്ഷാമവും ശുദ്ധജലക്ഷാമവും തൊഴില്‍ക്ഷാമവുമാണ് ഉള്ളത്. തോമസ് ഐസക്ക് പെന്‍ഷന്‍കാരെയും ശമ്പളക്കാരെയും ഭയപ്പെടുത്തുന്നത് അവസാനിപ്പിക്കണം. ഡിസംബര്‍ മാസത്തിലെ പല്ലവിയാണ് ജനുവരിമാസത്തിലും അദ്ദേഹം നടത്തുന്നത്.

തൊഴിലുറപ്പ് പദ്ധതിവരെ അട്ടിമറിക്കുകയും പെന്‍ഷന്‍ പോലും ഇല്ലാതാക്കുകയും ചെയ്തിട്ട് അതെല്ലാം മറച്ചുവച്ചുകൊണ്ട് കേന്ദ്രത്തെ കുറ്റപ്പെടുത്തി രാഷ്ട്രീയമുതലെടുപ്പ് നടത്താനാണ് ഐസക്കിന്റെയും പിണറായിയുടെയും ശ്രമമെന്നും കുമ്മനം കൊല്ലത്ത് പറഞ്ഞു.

കുമ്മനം പറയുന്നു - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick