ഹോം » പ്രാദേശികം » വയനാട് » 

പനമരം ബ്ലോക്ക് പഞ്ചായത്തിനെ ഡിജിറ്റലായി പ്രഖ്യാപിച്ചു

January 1, 2017

പനമരം: പനമരം ബ്ലോക്ക് പഞ്ചായത്തിനെ വയനാട് ജില്ലയിലെ ആദ്യത്തെ ഡിജിറ്റല്‍ ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. പനമരം വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത്കുമാര്‍ ആണ് പ്രഖ്യാപനം നടത്തിയത്. അക്ഷയ പ്രോജക്ട്, വികാസ്പീഡിയ കേരള, ലീഡ് ബാങ്ക്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ ക്യാഷ്‌ലെസ് ഡിജിറ്റല്‍ വയനാട് മോണിറ്ററിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പനമരം ബ്ലോക്കില്‍പ്പെട്ട പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി, പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ അക്ഷയകേന്ദ്രങ്ങള്‍ വഴി ഒാരോ പഞ്ചായത്തിലും പൊതുജനങ്ങളില്‍ നാല്‍പ്പത് പേരെ വീതവും വ്യാപാരികളില്‍ പത്ത് പേരെയും പുതിയ ഡിജിറ്റല്‍ ധനകാര്യ ഇടപാടുകളിലേക്ക് കൊണ്ടുവന്നതിന്റെ ശേഷമാണ് പ്രഖ്യാപനം നടന്നത്. വിവിധ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കുംവേണ്ടി ബോധവല്‍ക്കരണ ശില്‍പ്പശാലകളും സംഘടിപ്പിച്ചിരുന്നു. യു.പി.ഐ. മൊബൈല്‍ ആപ്ലിക്കേഷനാണ് സര്‍വ്വസാധാരണമായി ഉപയോഗിക്കാന്‍ ആളുകളെ പരിശീലിപ്പിക്കുന്നത്. ഡിജിറ്റല്‍ പ്രഖ്യാപനചടങ്ങില്‍ പനമരം അക്ഷയ സംരംഭകന്‍ കെ.എം. രമേശ് അധ്യക്ഷതവഹിച്ചു. ലീഡ് ബാങ്ക് മാനേജര്‍ എം.ബി. ശ്യാമള മുഖ്യപ്രഭാഷണവും വികാസ്പീഡിയ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ സി.വി. ഷിബു വിഷയാവതരണവും നടത്തി. അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ്, വ്യാപാരിവ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി കെ.ടി. ഇസ്മായില്‍, പൂതാടി അക്ഷയ സംരംഭകന്‍ സജു ജനാര്‍ദ്ദനന്‍, മുന്‍ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജബ്ബാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അക്ഷയ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ അമ്പിളി, സംരംഭകരായ പി.ആര്‍. സുഭാഷ്, ജോബി ജോര്‍ജ്, ഐ.ബി. വര്‍ക്കി, ഷമീന, റമീഫ്, ജാസിം, സജികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related News from Archive
Editor's Pick