ശിവഗിരി: അഭിപ്രായ വ്യത്യാസങ്ങള്‍ ശത്രുതയായി കാണുമ്പോഴാണ് സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ശിവഗിരി തീര്‍ത്ഥാനത്തോടനുബന്ധിച്ച് നടന്ന സംഘടനാ സമ്മേളനത്തില്‍ ‘സംഘര്‍ഷങ്ങളില്ലാത്ത സംഘടനാ പ്രവര്‍ത്തനം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതം ജനാധിപത്യ രാഷ്ട്രമായതിനാല്‍ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും. എന്നാല്‍ അതിനെ ശത്രുതാ മനോഭാവത്തോടുകൂടി വീക്ഷിക്കുകയും അഭിപ്രായവ്യത്യാസങ്ങളെ ഉന്മൂലനം ചെയ്യണമെന്ന ചിന്ത ഉണ്ടാകുകയും ചെയ്യുമ്പോഴാണ് സംഘര്‍ഷങ്ങളും കലാപങ്ങളും ഉണ്ടാവുകയും ചോരപ്പുഴ ഒഴുകുകയും ചെയ്യുന്നത്. ഒരു മതവും ഒരു രാഷ്ട്രീയ പ്രസ്ഥാനവും സംഘര്ഷമുണ്ടാക്കുവാനുള്ളതല്ല. വ്യത്യസ്ഥമായ ചിന്തകളും അഭിപ്രായങ്ങളുമാണ് ഭാരതത്തിന്റ സൗരഭ്യമെന്ന് മനസ്സിലാക്കി സമചിത്തതോടെ പ്രവര്‍ത്തിച്ചാല്‍ സംഘര്ഷങ്ങളില്ലാതാകും. സാമൂഹ്യ നീതിയും സമത്വവും എല്ലാവര്ക്കും ലഭ്യമാകണം.
മതത്തിന്റെയും രാഷ്ട്രീയവിഭാഗീയതയുടെയും വേലിക്കെട്ടുകള്‍ ഉയരുമ്പോഴാണ് സമൂഹത്തില്‍ സംഘര്‍ഷങ്ങളുണ്ടാകുന്നത്. കഴിക്കാന്‍ ആഹാരമില്ലാത്തവന്റ വേദന മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ സമൂഹത്തില്‍ മാനവികത ഉണരും. രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിപ്രായവ്യത്യാസങ്ങളെ ആരോഗ്യപരമായി ചര്‍ച്ചചെയ്യാന്‍ തയ്യാറാകണം. സ്നേഹത്തോടെയും സാഹോദര്യത്തോടെയും സഹിഷ്ണുതയോടെയും കൈകോര്‍ത്താല്‍ ശ്രീനാരായണ ഗുരുദേവന് വിഭാവനം ചെയ്ത സമൂഹം സൃഷ്ടിക്കാനാകും.
ഇപ്പോള്‍ എല്ലാവര്ക്കും വേണ്ടത് ആനന്ദമാണ്. സ്വയം ആനന്ദിക്കുന്നതിനൊപ്പം മറ്റുള്ളവരെയും ആനന്ദിപ്പിക്കണം. സംഘര്‍ഷം സമൂഹത്തിലെ സംഘടനകള്‍ തമ്മില്‍ മാത്രമല്ല പ്രകൃതിയോടും ഉണ്ടാകാന്‍ പാടില്ല. സംഘടന എന്ന പറയുന്നത് ഈ പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും ഉള്‍പ്പെട്ടിട്ടുള്ളതാണ്. ഓരോ വ്യക്തിയുലുമുണ്ടാകുന്ന അന്തര്‍സംഘര്‍ഷങ്ങളാണ് കുടുംബത്തിലേക്കും സമൂഹത്തിലേക്കും വ്യാപിക്കുന്നത്. കല്ലിലെ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ ഒഴിവാക്കി ശില്പി ശില്പം നിര്മ്മിക്കുന്നപോലെ ഓരോ വ്യതിയുടെയും ശുദ്ധീകരണത്തിനായി ശിവഗിരി തീര്‍ത്ഥാടനവും ഗുരുദേവ ദര്‍ശനങ്ങളും മാറണമെന്നും കുമ്മനം പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ സന്നിഹിതനായിരുന്നു. സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷനായിരുന്നു. ബിനോയ് വിശ്വം, ഡോ.സമ്പത്ത് എംപി, എംഎല്‍എമാരായ വി.ഡി. സതീശന്, അഡ്വ.വി. ജോയി, സ്വാമി ഗുരുപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: