ദേശീയ അമ്പെയ്ത്ത് മത്സരം : പൊരുതിനേടി വയനാട്ടിലെ വനവാസികള്‍

Tuesday 3 January 2017 7:44 pm IST

കല്‍പ്പറ്റ : രാജ്യത്തിന് അഭിമാനമായ ദേശീയ വനവാസി അമ്പെയ്ത്ത് മത്സരത്തില്‍ കേരളം റണ്ണര്‍അപ്പ്. കേരളത്തിനുവേണ്ടി മെഡല്‍ നേടിയതാവട്ടെ പഴശ്ശിരാജാവിന്റെ മുന്നണി പോരാളികളുടെ പിന്മുറക്കാരായ വനവാസികള്‍. കുറിക്ക് അമ്പെയ്യുന്ന മുന്‍ തലമുറയോട് കടം വാങ്ങിയ ആയോധന വിദ്യ യഥാവിധി പ്രയോഗിക്കാന്‍ മുംബൈയിലെ സ്റ്റേഡിയത്തിലും വയനാട്ടിലെ ചുണകുട്ടികള്‍ക്ക് ഒരു മടിയുമുണ്ടായില്ല. ടീം മാനേജര്‍ കെ.സുബ്രഹ്മണ്യന്‍, പരിശീലകന്‍ എ. സി.ഗംഗാധരന്‍, സഹായികളായ അജയ്, ആനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് മുംബൈയില്‍ പോരാട്ടത്തിനിറങ്ങിയത്. കേരളത്തിനുവേണ്ടി 16 പേരാണ് മത്സരത്തില്‍ മാറ്റുരച്ചത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം ഓവറോള്‍ കിരീടവും കേരളത്തിനാണ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 30, 40 മീറ്ററുകളില്‍ കേരളത്തിനായി എ.ബി.സൂര്യ സ്വര്‍ണ്ണം നേടി. ഇതേ ഇനത്തില്‍ കേരളത്തിന്റെ കെ.എല്‍.ആര്യ വെള്ളിയും നേടി. 30 മീറ്ററില്‍ വെങ്കലവും കേരളത്തിന്. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കെ.എം.വിനോദ്കുമാര്‍ 50 മീറ്ററില്‍ വെള്ളിയും 40 മീറ്ററില്‍ വെങ്കലും നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 30 മീറ്ററില്‍ കേരളത്തിന്റെ സരുണ്‍ ചന്ദ്രന്‍ സ്വര്‍ണ്ണം നേടി. മേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ സൂര്യ വ്യക്തിഗത ചാമ്പ്യയുമായി. കേരളാ ടീമംഗങ്ങള്‍ക്ക് കോഴിക്കോട് റെയില്‍വേസ്റ്റേഷനിലും വയനാട്ടിലും സ്വീകരണം നല്‍കി. മികച്ച പ്രകടനം കാഴ്ച്ചവെച്ച സൂര്യയ്ക്കും ദിവ്യക്കും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലേക്ക് സെലക്ഷന്‍ ലഭിച്ചു.