ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

വേണ്ടിവന്നാല്‍ എകെജി സെന്ററിലും സംസാരിക്കും: കെ.സുരേന്ദ്രന്‍

January 3, 2017

ചീമേനി: ജനാധിപത്യ രീതിയില്‍ പൊതുയോഗം സംഘടിപ്പിക്കാനും, പ്രസംഗിക്കാനും അനുവദിക്കാതെ അക്രമം തുടരാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കില്‍ വേണ്ടിവന്നാല്‍ എകെജി സെന്ററില്‍ കയറി പ്രസംഗിക്കാന്‍ ചങ്കൂറ്റം കാണിക്കാന്‍ ബിജെപിക്ക് കഴിയുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. ചെറുവത്തൂരില്‍ നിന്നും ചീമേനിയിലേക്ക് സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനു പകരം അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രവര്‍ത്തന സ്വാതന്ത്ര്യം സിപിഎം നിഷേധിച്ചാല്‍ പോലീസ് നിയമം മൂലം നേരിടുകയാണ് വേണ്ടത്. എകെജി സെന്ററില്‍ നിന്നും ശമ്പളം വാങ്ങിയിട്ടാണോ നിയമപാലനം നടത്തുന്നതെന്ന് കെ.സുരേന്ദ്രന്‍ ചോദിച്ചു. ബിജെപി പ്രവര്‍ത്തകരെ അക്രമിച്ചാല്‍ കേസില്ല. സിപിഎമ്മുകാരെ അക്രമിച്ചുവെന്ന് പറഞ്ഞ് വധശ്രമം ഉള്‍പ്പെടെയുള്ള കള്ളക്കേസുകള്‍ ഉണ്ടാക്കുകയാണ് പിണറായി സര്‍ക്കാറിന്റെ പോലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ പോലീസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്. കള്ളക്കേസുകൊണ്ട് ബിജെപി നേതാക്കളേയും പ്രവര്‍ത്തകരേയും തകര്‍ക്കാമെന്നുള്ള വ്യാമോഹം ശക്തമായ തിരിച്ചടി ഉണ്ടാക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick