കോഴിക്കോട്/കല്‍പ്പറ്റ: മുംബൈ ചെമ്പൂരില്‍ നടന്ന വനവാസി കല്യാണ ആശ്രമം ദേശീയ അമ്പെയ്ത്ത് മത്സരത്തില്‍ കേരളത്തിന് ജൂനിയര്‍ വിഭാഗത്തില്‍ ഓവറോള്‍ കിരീടം. മത്സരത്തില്‍ പങ്കെടുത്ത 16 അംഗ കേരള ടീമിന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 40, 30 മീറ്റര്‍ വിഭാഗത്തില്‍ കല്പറ്റ എസ്കെഎംജെ ഹയര്‍ സെക്കന്ററി സ്കൂളിലെ എ.ബി. സൂര്യ സ്വര്‍ണം നേടി. ഇതേ സ്കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥി കെ.കെ. ആര്യ വെള്ളി നേടി. 30 മീറ്റര്‍ ജൂനിയര്‍ വിഭാഗത്തില്‍ കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ എ.സി. ദിവ്യ വെങ്കല ജേതാവായി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 30 മീറ്ററില്‍ പനങ്കണ്ടി ഗവ. ഹയര്‍ സെക്കന്ററിയിലെ ശരുണ്ചന്ദ്രന് സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. 50 മീറ്റര്‍ സീനിയര്‍ വിഭാഗത്തില്‍ ആനേരിയിലെ കെ.എം. വിനോദ്കുമാര്‍ വെള്ളിമെഡല്‍ നേടി. 27 സംസ്ഥാനങ്ങളില്‍ നിന്നായി 400ല്‍പ്പരം കായിക താരങ്ങള്‍ ത്രിദിന അമ്പെയ്ത്ത് മത്സരത്തില്‍ പങ്കെടുത്തു. ടീം കോച്ച് കെ. സുബ്രഹ്മണ്യന്, മാനേജര്‍ പി. അജയ് ആനന്ദ് എന്നിവരുടെ നേതൃത്വത്തിലെത്തിയ ടീമിനെ വനവാസി വികാസകേന്ദ്രം പ്രവര്‍ത്തകര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിച്ചു.
സംസ്ഥാന ഛാത്രവാസ് പ്രമുഖ് ഗോപീകൃഷ്ണന് പുതുമന, ഹോസ്റ്റല്‍ കമ്മറ്റി അധ്യക്ഷ കെ.വി. ദേവി, ജില്ലാ സംഘടനാ സെക്രട്ടറി വിനോദ്, ജില്ലാ കമ്മിറ്റി അംഗം പി.ടി. പ്രഹ്ലാദന്, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗംഗാധരന് എന്നിവര്‍ നേതൃത്വം നല്കി. ടീം അംഗങ്ങള്‍ക്ക് വയനാട്ടിലും സ്വീകരണം നല്കി. മികച്ച പ്രകടനം നടത്തിയ സൂര്യയ്ക്കും ദിവ്യക്കും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലേക്ക് സെലക്ഷന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: