കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള നുണ പ്രചാരണം നിര്‍ത്തണം: കുമ്മനം

Wednesday 4 January 2017 12:48 am IST

കൊച്ചി: കേന്ദ്ര സര്‍ക്കാരിനോടുള്ള രാഷ്ട്രീയ ശത്രുതയും നുണ പ്രചാരണങ്ങളും അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കൊച്ചിയില്‍ ബിജെപി സംഘടിപ്പിച്ച സംസ്ഥാന തല സഹകരണ സംരക്ഷണ സമ്മേളനം ഉദ്ഘടനം ചെയുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സഹകരണ മേഖലയെ മോദി സര്‍ക്കാര്‍ തകര്‍ക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ധനമന്ത്രി തോമസ് ഐസക് നുണ പറഞ്ഞ് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണ്. സഹകരണ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കള്ളത്തരങ്ങള്‍ നിരത്തി നിക്ഷേപകരെ ഭയപ്പെടുത്താനും രാഷ്ട്രീയ മുതലെടുപ്പിനുമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാരുമായി രാഷ്ട്രീയ ശത്രുതയോടെ ഏറ്റുമുട്ടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനം തിരഞ്ഞെടുത്ത മോദി സര്‍ക്കാരിനെ ശത്രുവായി കേരളം കാണുന്നത് കേരളത്തിനാണ് നഷ്ടമുണ്ടാകുക. കേരളത്തിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സാഹചര്യത്തില്‍ ഇത്തരം കേന്ദ്ര -സംസ്ഥാന ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്നും കുമ്മനം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ റിച്ചാര്‍ഡ് ഹേ എംപി, ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വക്താവ് എം.എസ്. കുമാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. സഹകരണ സെല്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് പ്രമേയം അവതരിപ്പിച്ചു. സമാപന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് മുഖ്യപ്രഭാഷണം നടത്തി. ആര്‍.എസ.് വിനോദ് സ്വാഗതവും എന്‍.കെ. മോഹന്‍ദാസ് നന്ദിയും പറഞ്ഞു.