ഹോം » വാരാദ്യം » 

പക്വതയില്ലാത്ത പരാമര്‍ശം

January 8, 2017

ഡോ. അമ്പലപ്പുഴ ഗോപകുമാര്‍

ഏതു കാര്യത്തിലും ആലോചനയില്ലാതെയും വസ്തുതകള്‍ മനസ്സിലാക്കാതെയും ആര്‍ക്കും എന്തും പറയാവുന്ന അവസ്ഥയാണിന്ന്. പലപ്പോഴും വികലമായ വീണ്‍വാക്കുകളായി ജനമനസ്സുകളെ മലിനീകരിക്കുന്ന കവലപ്രസംഗങ്ങള്‍ ഈ നാടിന് ദുഃശ്ശാപമായിത്തീര്‍ന്നിട്ടുണ്ട്.

നാടിനോടോ നാടിന്റെ പാരമ്പര്യത്തോടോ സംസ്‌കാരത്തോടോ കൂറില്ലാതെ ചില തല്‍പരകക്ഷികളെ പ്രീണിപ്പിക്കുന്നതിനുവേണ്ടി ഉന്നതരായ വ്യക്തികള്‍പോലും പക്വതയില്ലാതെ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ദുഃഖം തോന്നും. പ്രതികരിക്കേണ്ട പല സന്ദര്‍ഭങ്ങളിലും മൗനം ദീക്ഷിക്കുകയും അസാന്ദര്‍ഭികമായി വാതുറക്കുകയും ചെയ്യുന്ന സാംസ്‌കാരിക നായകന്മാര്‍ കുറേക്കൂടി ആത്മസംയമനം പാലിക്കേണ്ടതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആര് എന്ത് പറഞ്ഞാലും അത് ഏറ്റുപിടിച്ച് കോലാഹലം സൃഷ്ടിക്കുന്ന ദൃശ്യമാധ്യമങ്ങളും വാര്‍ത്താമാധ്യമങ്ങളും ഒരുപോലെ അരങ്ങു തകര്‍ക്കുന്നത് കാണുമ്പോള്‍ നമ്മള്‍ എങ്ങനെ ഇങ്ങനെയായി എന്ന വിചാരമാണ് നിര്‍മ്മത്സര ബുദ്ധികള്‍ക്കു തോന്നുക.

ദേശീയ ബോധവും ദേശീയ വികാരവും ദേശസ്‌നേഹവും പോലും ഇന്ന് തെരുവിലാക്കപ്പെടുന്ന ദുഃസ്ഥിതിയാണ് വന്നുപെട്ടിട്ടുള്ളത്. ഇതിന്റെ എല്ലാം അടിസ്ഥാനം ഭാരതത്തിന്റെ കരുത്തനും സത്യസന്ധനും ലോകശ്രദ്ധ പിടിച്ചെടുത്തിട്ടുള്ള വ്യക്തിത്വത്തിനുടമയുമായ പ്രധാനമന്ത്രിക്ക് എതിരെയാണ് എന്നതാണ് നാം മനസ്സിലാക്കേണ്ടത്. അസംഘടിതരായ ബഹുഭൂരിപക്ഷം വരുന്ന ഈ നാട്ടിലെ ജനങ്ങള്‍ ഇന്നു നടക്കുന്ന ഈ പൊറാട്ട് നാടകങ്ങള്‍ കണ്ട് ഉള്ളില്‍ ചിരിക്കുന്നവരാണ്.

വിവാദത്തിന്റെ ആവശ്യമെന്ത്?

സിവിക് ചന്ദ്രന്‍

മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണതുപോലെയാണ് സെക്യുലര്‍ ഫണ്ടമെന്റലിസ്റ്റുകള്‍ എംടി വിഷയത്തില്‍ രംഗത്തെത്തിയിരിക്കുന്നത്. വീണത് പേട്ടുതേങ്ങയാണ്. എങ്കിലും മോങ്ങാമെന്നാണ് സെക്യുലര്‍ ഫണ്ടമെന്റലിസ്റ്റുകള്‍ തെളിയിക്കുന്നത്. കറന്‍സി വിഷയത്തില്‍ എംടിയുടെ പ്രതികരണം സൗമ്യമായിരുന്നു. ഇതിനെതിരെ എ.എന്‍. രാധാകൃഷ്ണന്റെ പ്രതികരണവും സൗമ്യമായിരുന്നു.

ഈ സംഭവം വിവാദമാക്കേണ്ട ആവശ്യവുമില്ല. സാമൂഹിക വിഷയങ്ങളില്‍ വളരെ സൂക്ഷിച്ച് ഇടപെടുന്ന വ്യക്തിത്വമാണ് എംടിയുടേത്. സ്വന്തം സുരക്ഷിതത്വം പരിഗണിച്ചുള്ള ഇടപെടലുകളെ അദ്ദേഹം നടത്താറുള്ളു. ഇത് മോശമാണെന്നല്ല പറയുന്നത്. അഭിപ്രായം അധികം പറയാത്ത ആളാണ് എംടി. തുഗ്ലക്ക് എന്ന വിശേഷണം ആദ്യമായി ഉപയോഗിക്കുന്നതും എംടിയല്ല.
എംടിയെ പിന്തുണയ്ക്കുന്നവര്‍ മോഹന്‍ലാലിനെ എതിര്‍ത്തത് ന്യായീകരിക്കുകയാണ്. രണ്ടു മാധ്യമങ്ങളിലെ താരങ്ങളാണ് ഇരുവരും.

എഴുത്തിലെ മോഹന്‍ലാലാണ് എംടിയെങ്കില്‍ സിനിമയിലെ എംടിയാണ് മോഹന്‍ലാല്‍. ഇവരില്‍ ആരാണ് വലുത്, ചെറുത് എന്നുപറയാന്‍ ആര്‍ക്കാണ് അധികാരം? സാംസ്‌കാരിക രംഗത്ത് ചങ്ങല സൃഷ്ടിക്കാന്‍ ഇടതുപക്ഷത്തിന്റെ ആവശ്യവുമില്ല.

Related News from Archive
Editor's Pick