തൊടുപുഴ : ബി. ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് നയിക്കുന്ന കള്ളപ്പണ മുന്നണികള്‍ക്കെതിരെയുള്ള രാഷ്ട്രീയ പ്രചരണ ജാഥ 9,10 തീയതികളില്‍ ഇടുക്കി ജില്ലയില്‍ പര്യടനം നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
റേഷനരി നിഷേധം, സഹകരണ പ്രതിസന്ധി,കൊലപാതക രാഷ്ട്രീയം ഇവയ്ക്കെതിരെയും അന്നവും വെള്ളവും മണ്ണും തൊഴിലും നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചും കേരളത്തില്‍ ദളിത് പിന്നോക്കക്കാര്‍ക്ക് എതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരേയും, എം. എം. മണിയുടെ രാജി ആവശ്യപ്പെട്ടുമാണ് പ്രചരണജാഥകള്‍. സംസ്ഥാന വ്യാപകമായി മേഖലാ അടിസ്ഥാനത്തില്‍ നാല് ജാഥകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മദ്ധ്യമേഖലാ ജാഥ കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ 35 നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. എം. വേലായുധന്, സംസ്ഥാന വക്താവ് അഡ്വ. എസ്. ജയസൂര്യന്‍ , ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ്ജ് കുര്യന് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര് മുരളീധരന്, എന്നിവര്‍ ജാഥയിലെ സ്ഥിരാംഗങ്ങളാണ്. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി ഗോപാലകൃഷ്ണന് ജാഥാ കോഡിനേറ്ററും മേഖലാ പ്രസിഡന്റ് അഡ്വ. നാരായണന് നമ്പൂതിരി, മേഖലാ ജനറല്‍ സെക്രട്ടറി. എന്‍ പി ശങ്കരന് കുട്ടി എന്നിവര്‍ സഹ കോഡിനേറ്റര്‍മാരുമാണ്. ജില്ലയിലെ ആദ്യപരിപാടി ഒമ്പതിന് വൈകിട്ട് 5.30 ന് തൊടുപുഴയില്‍ നടക്കും. തൊടുപുഴയില്‍ നടക്കുന്ന സമാപന പരിപാടിയുടെ ഉദ്ഘാടനം മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ അഡ്വ. പി എസ്. ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്യും.10 ന് രാവിലെ 9.30 ന് ഏലപ്പാറയിലും 11 ന് കട്ടപ്പനയിലും 12.30 ന് നെടുങ്കണ്ടത്തും 2.30 ന് അടിമാലിയിലും ജാഥക്കു സ്വീകരണം നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമളിനൊപ്പം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് അജി, ജില്ലാ മീഡിയാസെല് കണ്‍വീനര്‍ ബിനു ആര് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: