ഹോം » വാര്‍ത്ത » പ്രാദേശികം » എറണാകുളം » 

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം പ്ലാസ്റ്റിക്മാലിന്യ വിമുക്തമാക്കാന്‍ സജ്ജീകരണം

January 9, 2017

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ പാര്‍വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്ത് പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തി. പകരം തുണിസഞ്ചികള്‍ ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാകും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശുചിത്വം ഉറപ്പാക്കുന്നതിന് പരിശോധനകള്‍ നടത്തും. ക്ഷേത്രഭരണസമിതിയും തിരുവൈരാണിക്കുളം പഞ്ചായത്തും ആരോഗ്യവകുപ്പും പ്രത്യേക കര്‍മ്മസമിതിക്ക് രൂപം നല്കി.
ഉത്സവപ്പറമ്പിലേയും മറ്റും മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തി. കച്ചവട സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തില്‍ സംസ്‌കരിക്കും. ശുചീകരണ വോളണ്ടിയര്‍മാര്‍ സ്ഥാപനങ്ങളില്‍ നേരിട്ടെത്തി മാലിന്യം ശേഖരിക്കും. ഇവ പ്രത്യേക ഡംപിങ് യാര്‍ഡിലേയ്ക്ക് മാറ്റി ഉത്സവശേഷം സംസ്‌കരിക്കും. 150ല്‍ അധികം വോളണ്ടിയര്‍മാരെഇതിനായി നിയമിച്ചിട്ടുണ്ട്. ബാക്ടീരിയകളുടെ സഹായത്തോടെയായിരിക്കും ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത്. ഇവ വളമായി പഞ്ചായത്തിലെ പച്ചക്കറിക്കൃഷിക്കായി ഉപയോഗിക്കാനാണ് പദ്ധതി.
ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കും. കത്തിച്ചുകളയാവുന്നവ ക്ഷേത്രത്തിലെ ഇന്‍സിനേറ്ററില്‍ സംസ്‌കരിക്കും. പ്ലാസ്റ്റിക്, പേപ്പര്‍ മാലിന്യങ്ങള്‍ പുനരുപയോഗത്തിനായി സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറും.
ശുചീകരണത്തിന്റെ മുഴുവന്‍ ചെലവ് വഹിക്കുന്നത് ക്ഷേത്ര ട്രസ്റ്റാണ്. വിശ്വാസികള്‍ക്ക് പരിപൂര്‍ണ സുരക്ഷിതത്വം നാടിന് ശുചിത്വവും ഉറപ്പാക്കുന്നതിനാണ് വിപുലമായ മാലിന്യസംസ്‌കരണ പദ്ധതി രൂപീകരിച്ചിരിക്കുന്നതെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick