ബജറ്റിനെച്ചൊല്ലി വിവാദം പുകയുന്നു

Saturday 9 July 2011 5:21 pm IST

കൊച്ചി: ധനമന്ത്രി കെ.എം മാണി അവതരിപ്പിച്ച ബജറ്റിനെച്ചൊല്ലി വിവാദം പുകയുന്നു. എം.എല്‍.എമാര്‍ പരാതിപ്പെട്ടതില്‍ തെറ്റില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ പരസ്യ പ്രസ്താവന തെറ്റാ‍ണെന്ന് എം.എം ഹസന്‍ പറഞ്ഞു. ബജറ്റില്‍ ചില പ്രദേശങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചുവെന്നും ചില പ്രദേശങ്ങള്‍ക്ക് മാത്രമേ പ്രാധാന്യം നല്‍കിയുള്ളൂ‍വെന്നും ഭരണപക്ഷ എം.എല്‍.എമാര്‍ വരെ ആരോപിച്ചിരുന്നു. എന്നാല്‍ ബജറ്റില്‍ പതിനാലു ജില്ലകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ന്യായമായ ആവശ്യങ്ങള്‍ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനത്തില്‍ ഊന്നിയുള്ള ജനക്ഷേമ ബജറ്റാണ് കെ.എം. മാണി അവതരിപ്പിച്ചത്. എം.എല്‍.എമാരുടെ എല്ലാ ആവശ്യങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ന്യായമായ ആവശ്യങ്ങള്‍ ബജറ്റ് പ്രഖ്യാപനവേളയില്‍ പരിഗണിക്കുമെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു. എന്നാല്‍ ബജറ്റിനെക്കുറിച്ച് ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നടത്തിയ പരസ്യ പ്രസ്താവന നിര്‍ഭാഗ്യകരമായിപ്പോയെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസന്‍ പറഞ്ഞു. ഇത് ബജറ്റിന്റെ പ്രഭ കെടുത്തി. ഈ പ്രവണത മുളയിലേ നുള്ളേണ്ടതാണെന്നും ഹസന്‍ അഭിപ്രായപ്പെട്ടു. കെ.എം മാണിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് വ്യവസയ മന്ത്രി കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. പിന്നോക്ക പ്രദേശങ്ങള്‍ക്ക് അര്‍ഹമായത് നല്‍കുമ്പോള്‍ അതിനെ അസന്തുലിതാവസ്ഥ എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.