ഹോം » പ്രാദേശികം » വയനാട് » 

റെയില്‍പാത യാഥാര്‍ത്ഥ്യമാവാത്തത് സംസ്ഥാന സര്‍ക്കാറിന്റെ അലംഭാവം :ബിജെപി

January 9, 2017

കല്‍പ്പറ്റ : വയനാട് റെയില്‍വേപാത യാഥാര്‍ത്ഥ്യമാവാത്തത് സംസ്ഥാന സര്‍ക്കാറിന്റെ അലംഭാവം മൂലമാണെന്ന് ബിജെപി ജില്ലാകമ്മിറ്റി.
നിലമ്പൂര്‍ നഞ്ചങ്കോട് റയില്‍പാതയ്ക്ക് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ നിലപാടെടുക്കുമ്പോള്‍ പ്രാരംഭ നടപടിക്കായുള്ള തുകപോലും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിനായി നടത്തുന്ന ചര്‍ച്ചകള്‍ പ്രഹസനമാക്കി മാറ്റുകയാണ് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ റയില്‍വേ ബഡ്ജറ്റില്‍ അനുമതി ലഭിക്കുകയും കമ്പനി രൂപീകരിച്ച് സംയുക്ത സംരംഭമായി നിര്‍മിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ധാരണയാവുകയും ചെയ്ത പദ്ധതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവംമൂലം നീളുന്നത്.
ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് കോടി രൂപ അനുവദിച്ചു എന്നാണ് സംസ്ഥാനസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പദ്ധതി നിര്‍മ്മാണച്ചുമതലയുള്ള ഡിഎംആര്‍സി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആറു മാസം കഴിഞ്ഞിട്ടും ഈ തുക നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വയനാട് റയില്‍വേയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സിപിഎമ്മും കോണ്‍ഗ്രസ്സും ശ്രമിക്കുന്നത്.
പത്ത് വര്‍ഷം തുടര്‍ച്ചയായി കേന്ദ്രം ഭരിച്ചിട്ടും ഈ പദ്ധതിക്കായി ചെറുവിരല്‍ അനക്കാത്ത കോണ്‍ഗ്രസ്സ് ഇപ്പോള്‍ സമരവുമായി രംഗത്ത് വരുന്നത് അല്‍പത്തരമാണ്. ഡിഎംആര്‍സി ചെയര്‍മാന്‍ ഇ.ശ്രീധരന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സര്‍വ്വകക്ഷി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാത്തത് തികച്ചും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ്. ഈ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി കേന്ദ്ര റയില്‍വേ വകുപ്പ് മന്ത്രിയെ കാണാനും യോഗം തീരുമാനിച്ചു.
സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു. പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick