ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. ഇതിനായി ഓരോ പ്രവര്‍ത്തിയും നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാന്‍ സമയക്രമവും നിശ്ചയിച്ചു.
സെപ്തംബര്‍ എട്ടിന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിന് ചേര്‍ന്ന ജനപ്രതിനിധികളുടെയും അധികൃതരുടെയും യോഗത്തിലാണ് മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനമെടുത്തത്.
അക്കാദമിക്, ആശുപത്രി ബ്ലോക്കുകളുടെ പൂര്‍ത്തീകരണം, ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്സ് സൗകര്യങ്ങള്‍, മറ്റു അടിസ്ഥാന അനുബന്ധ സൗകര്യങ്ങള്‍ എന്നിവ വേഗം പൂര്‍ത്തിയാക്കി 2018 അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികളുടെ പ്രവേശനം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സമയക്രമം നിശ്ചയിച്ച് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നത്. മെഡിക്കല്‍ കോളേജിലെ അധ്യയനം അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച എം.പിയും മറ്റ് ജനപ്രതിനിധികളും മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിര്‍മ്മാണം നടന്നുവരുന്ന അക്കാദമിക് ബ്ലോക്ക് ജൂണ്‍ മാസത്തില്‍ മണ്‍സൂണ്‍ ശക്തമാകുന്നതിന് മുമ്പും ആശുപത്രി ബ്ലോക്ക് നവംബര്‍ 15 നകവും പൂര്‍ണ്ണ സജ്ജമാക്കുന്നതിന് നിര്‍മ്മാണ ഏജന്‍സിയായ കിറ്റ്കോയ്ക്ക് യോഗം നിര്‍ദ്ദേശം നല്കി. സര്‍ജ്ജിക്കല്‍ ഓപ്പറേഷന് ബ്ലോക്ക് രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ലിഫ്റ്റ്, റാംപ്, ഫോറന്‍സിക് ലാബ് എന്നിവയും അടിയന്തരമായി പൂര്‍ത്തിയാക്കും.
ജനറേറ്റര്‍ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും വൈദ്യുതീകരണ ജോലികളും രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും. മെഡിക്കല്‍കോളേജ് കാമ്പസില്‍ സബ്സ്റ്റേഷന്, ജലവിതരണ സംവിധാനം എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നടപടി സ്വീകരിക്കും. മെഡിക്കല്‍ കോളേജിന് ആവശ്യമായി വരുന്ന ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും തസ്തിക ഈ വര്‍ഷം തന്നെ സൃഷ്ടിക്കുന്നതിന് പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ പ്രിന്‍സിപ്പാലിനെ യോഗം ചുമതലപ്പെടുത്തി. ജില്ലാ ടി.ബി സെന്റര്‍ ഫെബ്രുവരി 15നകം മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.
കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജോയ്സ് ജോര്‍ജ്ജ് എം.പി, റോഷി അഗസ്റ്റിന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാകലക്ടര്‍ ജി.ആര്. ഗോകുല്‍ ആരോഗ്യവകുപ്പു മന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ. ഗോപകുമാര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി. വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: