ഹോം » വിചാരം » മുഖപ്രസംഗം

അലസിപ്പോയ സമരനീക്കം

January 10, 2017

വിവിധ വകുപ്പുകളുടെ താക്കോല്‍സ്ഥാനത്തിരിക്കുന്നവരാണ് ഐഎഎസുകാര്‍. സുപ്രധാന സ്ഥാനത്തിരിക്കുന്ന ഈ വിഭാഗം സമരത്തിലേക്ക് നീങ്ങുക എന്നത് അസാധാരണ നടപടിയാണ്. ആ സാഹചര്യം ഏത് കാരണത്താലായാലും ഒഴിവാക്കപ്പെടേണ്ടതാണ്. സമരത്തിലേക്കെത്തുംവരെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. ഐഎഎസ്സുകാര്‍ തെറ്റുചെയ്താല്‍ നടപടി സ്വീകരിക്കുന്നതും അഴിമതി ബോധ്യപ്പെട്ടാല്‍ അന്വേഷിക്കുന്നതും പുതിയസംഭവമല്ല. സമരം നടത്തി അഴിമതിക്കാരെ സഹായിക്കാന്‍ ശ്രമിക്കുന്നതും അംഗീകരിക്കാനാവില്ല. തിങ്കളാഴ്ച കൂട്ട അവധിയെടുത്ത് പണിമുടക്കാനാണ് ഒരു വിഭാഗം ഐഎഎസുകാര്‍ തയ്യാറായത്. അതിനായി സെക്രട്ടേറിയറ്റിനകത്ത് ഇവര്‍ യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ കണ്ട് പ്രശ്‌നം ധരിപ്പിക്കാനും നിശ്ചയിച്ചു. തിങ്കളാഴ്ച തന്നെവന്നുകണ്ട ഐഎഎസുകാരെ വിരട്ടി സമരത്തില്‍ നിന്ന് പിന്‍തിരിപ്പിച്ചു എന്നാണ് വാര്‍ത്ത.

ഭരണസിരാകേന്ദ്രത്തില്‍ സുപ്രധാന സ്ഥാനത്തിരിക്കുന്നവര്‍ സമരത്തിലിറങ്ങുന്നതിനെ ചോദ്യം ചെയ്ത മുഖ്യമന്ത്രി സമരം നടത്തി വഴിപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ടെന്നും മുന്നറിയിപ്പുനല്‍കിയിരിക്കുകയാണ്. സിപിഎം എന്ന വിപ്ലവ (?) പാര്‍ട്ടിക്ക് എപ്പോഴാണ് സമരത്തോട് വിരക്തി തോന്നിയതെന്നറിയില്ല. ഏതായാലും ഐഎഎസുകാരുടെ സമരം പിണറായി വിജയന്‍ കണ്ണുരുട്ടിയതോടെ അലസിയിരിക്കുകയാണ്. സമരം അലസിയെങ്കിലും ഐഎഎസുകാരില്‍ ചിലര്‍ക്കെങ്കിലും ഉണ്ടായ നീറ്റല്‍ അടങ്ങിയിട്ടുണ്ടാകുമോ? ഭരണസ്തംഭനം അവസാനിപ്പിക്കാന്‍ ഇതോടെ സാധിക്കുമോ?

പോലീസിനോടും കോടതിയോടും ഐഎഎസുകാരോടു മൊക്കെയുള്ള സിപിഎം നിലപാട് നേതാക്കളിലൂടെ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ‘പട്ടിയുടെ കഴുത്തില്‍ ഐഎഎസ് എന്നെഴുതി തൂക്കിയാല്‍ ഐഎഎസ് ആകുമോ’ എന്ന് ചോദിച്ചത് വി.എസ്മന്ത്രിസഭയില്‍ അംഗമായിരുന്ന ജി.സുധാകരനാണ്. ബൂര്‍ഷ്വാ കോടതി തുലയട്ടെ എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന ശീലമാക്കിയവരാണ് കമ്യൂണിസ്റ്റുകാര്‍. ജഡ്ജിമാരെയും വെറുതെ വിടാറില്ല. ജഡ്ജിയെ ‘ശുംഭന്‍’ എന്ന് വിശേഷിപ്പിച്ചതിനാണ് ഒരു സിപിഎം നേതാവിന് പിഴ ഒടുക്കുകയും ആറുമാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിയും വന്നത്. നേതാക്കള്‍ ഈ വിധം പെരുമാറുമ്പോള്‍ അണികളുടെ കാര്യം പറയേണ്ടതില്ലല്ലൊ.

ഐഎസ്എസ് കാരിലെയും പോലീസിലെയും ചിലരുടെ ‘ഈഗോ’ നന്നായി പതഞ്ഞുപൊങ്ങുന്നതുവരെ ഭരണനേതൃത്വം അനങ്ങാതിരിക്കുന്നത് ശരിയല്ല. ഉന്നത ഉദ്യോഗസ്ഥതലത്തിലുള്ള ഈഗോയോടൊപ്പം മുഖ്യമന്ത്രിക്കെതിരെ ധനമന്ത്രിയുടെ ഈഗോയും ഐഎഎസുകാരെ സമരമുഖത്തേക്കെത്തിച്ചതില്‍ പങ്കുണ്ടോ എന്ന സംശയവും നിലനില്‍ക്കുകയാണ്. ഭരണമികവ് തനിക്കെന്ന അഹങ്കാരം ആ നിലയിലേക്കൊക്കെ എത്തിച്ചാലും അതിശയിക്കാനില്ല. സെക്രട്ടറിയേറ്റില്‍ സുപ്രധാനസ്ഥാനത്തിരിക്കുന്നവര്‍ സമരം നടത്തി വിരട്ടാന്‍ നോക്കേണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി ഒരുവട്ടം ആത്മപരിശോധന നടത്തേണ്ടതല്ലെ.

നവംബര്‍ 18 ന് മുഖ്യമന്ത്രിയും മന്ത്രിമാരും എവിടെയായിരുന്നു എന്ന് ഓര്‍ക്കുന്നുണ്ടോ! രാജ്യത്തിന്റെ ചരിത്രത്തില്‍ വന്‍ സാമ്പത്തിക പരിഷ്‌കരണത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടതാണല്ലോ നോട്ട് മരവിപ്പിക്കല്‍. കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും നല്ല തീരുമാനം വിജയിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടി സഹകരിക്കണം. ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും നോട്ടുമരവിപ്പിക്കല്‍ നടപടി വിജയിപ്പിക്കാന്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. കേന്ദ്രത്തിനെതിരെ സാധാരണ നിലയില്‍ എതിര്‍പ്പ് തുടരുന്ന ബീഹാര്‍ സര്‍ക്കാര്‍ ക്രിയാത്മക സമീപനം സ്വീകരിച്ചത് ശ്രദ്ധേയമാണ്. എന്നാല്‍ കേരളത്തില്‍ അതുണ്ടായോ? നോട്ട് മരവിപ്പിക്കല്‍ നടപടി പിന്‍വലിക്കണം.

സഹകരണ ബാങ്കുകളെ തങ്ങളുടെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാന്‍ വിടണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 18 ന് മുഖ്യമന്ത്രിയും മന്ത്രിമാരും റിസര്‍വ് ബാങ്കിന് മുന്നില്‍ ദിവസം മുഴുവന്‍ കുത്തിയിരുന്നു. ബാങ്കുകള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിക്കാന്‍ റിസര്‍വ് ബാങ്കിനെ അനുവദിക്കാതെ ബന്ദിയാക്കി നിര്‍ത്തിയത് സംസ്ഥാനമന്ത്രിസഭയാണ്. ഭരണത്തിന്റെ സിരാകേന്ദ്രത്തിലിരിക്കുന്നവര്‍ സമരത്തിനിറങ്ങാന്‍ പാടില്ലെന്ന ന്യായം മന്ത്രിസഭയ്ക്കും ബാധകമല്ലെ? ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയാത്തവര്‍ മറ്റുള്ളവരോട് അതിന് നിര്‍ബന്ധിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നതില്‍ ഔചിത്യമില്ല. ഐഎഎസുകാരെ സമരത്തിലേക്ക് നയിച്ചത് ഭരണതലപ്പത്തിരിക്കുന്നവര്‍ തന്നെയാണ്. സ്വയം തിരുത്തുകയും സംഘര്‍ഷത്തിന്റെ സാഹചര്യം ഒഴിവാക്കുകയുമാണ് സുഗമമായ ഭരണത്തിന് അത്യാവശ്യം. ധാര്‍ഷ്ഠ്യത്തിന്റെ ശൈലി ആര്‍ക്കും നല്ലതല്ല.

 

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick