കോട്ടമല പാറമട വെടിമരുന്ന് സൂക്ഷിപ്പ് കേന്ദ്രം പൊളിച്ചു നീക്കാന്‍ നോട്ടീസ്

Monday 9 January 2017 10:20 pm IST

രാമപുരം: വിവാദമായ കോട്ടമലയിലെ പാറമടയില്‍ സ്‌ഫോടനങ്ങള്‍ നടത്തി പാറ പൊട്ടിക്കുവാന്‍ വേണ്ടി പുറപ്പുഴ പഞ്ചായത്തിന്റെ അനുമതി കൂടാതെ സ്ഥാപിച്ചിരുന്ന വെടിമരുന്ന് സൂക്ഷിപ്പ് കേന്ദ്രം പൊളിച്ചു നീക്കാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കി. കോട്ടയം ഇടുക്കി ജില്ലയുടെ അതിര്‍ത്തിയിലുള്ള കോട്ടമലയില്‍ ഖനനം നടത്തുന്നതിനു വേണ്ടി തൊട്ടടുത്ത് ഏക്കര്‍ കണക്കിന് സ്ഥലങ്ങളും പാറമട മാഫിയ വാങ്ങി കൂട്ടിയിരുന്നു. പുറപ്പുഴ പഞ്ചായത്തില്‍പെട്ട സ്ഥലത്താണ് വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്നതിനുള്ള സൂക്ഷിപ്പുകേന്ദ്രമായ മാഗസിന്‍ സ്ഥാപിച്ചിരുന്നത്. നാട്ടുകാര്‍ ശക്തമായ പ്രതിക്ഷേധവുമായി രംഗത്തുവന്നതോടെയാണ് പഞ്ചായത്ത് വെടിക്കോപ്പ് കേന്ദ്രം പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പഞ്ചായത്തിന്റെയോ മറ്റു ബന്ധപ്പെട്ട വകുപ്പുകളുടെയോ അനുമതിയില്ലാതെയാണ് ഇത് സ്ഥാപിച്ചിരുന്നതെന്ന് നാട്ടുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പാറമട മാഫിയ ഏക്കര്‍ കണക്കിന് മലനിരകള്‍ വാങ്ങി കൂട്ടിയ കോട്ടമലയില്‍ അമ്പത് ഏക്കറോളം സര്‍ക്കാര്‍ ഭൂമിയുണ്ട്. ഇത് പാറമടക്കാര്‍ കൈയ്യേറാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. പരിസ്ഥിതി ദുര്‍ബല മേഖലയായ ഇവിടെ കഴിഞ്ഞ ദിവസം നിയമസഭ പരിസ്ഥിതി കമ്മിറ്റി സന്ദര്‍ശച്ചിരുന്നു. ഇവിടെ ഖനനം നടത്തിയാല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നുള്ളതിനാല്‍ പാറമട അനുവദിക്കാനാവില്ല എന്ന നിലപാടിലാണ് എം.എല്‍.എ. മാരുടെ സംഘം. നാട്ടുകാര്‍ സമരം ശക്തമാക്കുന്നതിനൊപ്പം രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നതിന് മുപ്പതിനായിരം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി തയ്യാറാക്കിയിട്ടുണ്ട്.