റേഷന്‍ വിതരണം: മുഖ്യമന്ത്രി നിലപാട് പറയണം

Monday 9 January 2017 11:22 pm IST

കൊച്ചി: റേഷന്‍ വിതരണം തകരാറായതില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ.കെ.വി.തോമസ്. ഭക്ഷ്യസുരക്ഷാ നിയമം 2016 നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചത് പിണറായി സര്‍ക്കാരാണ്. ഇത് കേന്ദ്രത്തെ അറിയിച്ച് ഭക്ഷ്യധാന്യങ്ങള്‍ ഏറ്റെടുത്തു. വിതരണം സാധാരണ ഗതിയില്‍ നടത്താനായില്ല. അതേസമയം ഭക്ഷ്യ വിതരണം തകരാന്‍ കാരണം ഭക്ഷ്യസുരക്ഷാ നിയമമാണെന്ന പ്രകാശ് കാരാട്ടിന്റേയും സീതാറാം യച്ചൂരിയുടെയും അഭിപ്രായത്തോട് പിണറായി നിലപാട് വ്യക്തമാക്കണം. എഫ്‌സിഐ ഗോഡൗണുകളില്‍ ധാന്യങ്ങള്‍ ഏറ്റെടുത്ത് വിതരണം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. തൊഴില്‍ത്തര്‍ക്കം മൂലം എഫ്.സി.ഐയില്‍ നിന്ന് ഭക്ഷ്യധാന്യ നീക്കം നടക്കുന്നില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഭക്ഷ്യ സുരക്ഷാ നിയമം പിന്നീട് ഭേദഗതി ചെയ്തിട്ടില്ല. അന്ന് അതിനെ എതിര്‍ക്കാതിരുന്ന ഇടത് നേതാക്കള്‍ ഇപ്പോള്‍ അതിനെ എതിര്‍ക്കുന്നത് അന്തസ്സ് ഇല്ലായ്മയാണ് കെ.വി തോമസ്് കുറ്റപ്പെടുത്തി. ഈ വ്യവസ്ഥകള്‍ പൊളിച്ചെഴുതാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നത് തോമസ് കുറ്റപ്പെടുത്തി.