നോട്ടുക്ഷാമവും വരള്‍ച്ചയും

Tuesday 10 January 2017 9:40 pm IST

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്. ഇവിടെ എല്ലാവര്‍ക്കും എന്തിനെപ്പറ്റിയും അഭിപ്രായം പറയാം. സ്വന്തം അഭിപ്രായത്തിന് എതിരഭിപ്രായം പറഞ്ഞവരെ ക്രൂശിക്കുന്നത് തെറ്റാണ്. ഓരോ സര്‍ക്കാരും അവരവരുടെ നയങ്ങള്‍ തുടരുമ്പോള്‍ എതിര്‍പാര്‍ട്ടിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാവുക സ്വാഭാവികമാണ്. മാറ്റത്തിന് വേണ്ടിയാണല്ലോ നാം ഓരോരുത്തരും വ്യത്യസ്ത പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യുന്നത്. കാലാകാലം ഒരു പാര്‍ട്ടി തന്നെ ഭരിക്കുകയാണെങ്കില്‍ പിന്നെ എന്തിന് തെരഞ്ഞെടുപ്പ്? ഭരിക്കുന്ന പാര്‍ട്ടിയുടെ നയം തെറ്റാണെങ്കില്‍ അടുത്തപ്രാവശ്യം അവര്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുക തന്നെ ചെയ്യും. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നയങ്ങള്‍ നടപ്പാക്കാന്‍ മാത്രമല്ലെ ഒരു സര്‍ക്കാര്‍ തുനിയുകയുള്ളൂ. നോട്ടു പിന്‍വലിക്കലിന്റെ ഗുണവും ദോഷവും നാം അനുഭവിക്കാന്‍ പോകുന്നതല്ലേ ഉള്ളൂ. അതിന് മുന്‍പേ അതിന്റെ ദോഷ ഫലങ്ങള്‍ മാത്രം കാണുന്നത് ശരിയല്ല. വരുംനാളുകളില്‍ അതിന്റെ ഉത്തരം നമുക്ക് ലഭിക്കുകയും ചെയ്യും. ഒരു സംവിധാനത്തില്‍ കാതലായ മാറ്റങ്ങള്‍ വരുമ്പോള്‍ ചില പ്രാഥമിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. അത് നാം സഹിച്ചേ പറ്റൂ. അടിയന്തരാവസ്ഥ നടപ്പാക്കിയപ്പോള്‍ ന്യായീകരിച്ചവരും പ്രതികരിച്ചവരും ഉണ്ടായിരുന്നില്ലേ? നാം സഹിച്ചില്ലേ? വരുംനാളുകളില്‍ നോട്ടു ക്ഷാമത്തെക്കാള്‍ വലിയ വിപത്ത് നമ്മെ കാത്തിരിക്കുന്നുണ്ട്. കേരളം കൊടും വരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. നമ്മുടെ നദികള്‍ മിക്കവയും വറ്റിവരണ്ടിരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കാന്‍ ആരും മിനക്കെട്ടില്ല. ഭാരതപ്പുഴയെല്ലാം വറ്റിവരണ്ട് പുല്‍ക്കാടു പിടിച്ചു കിടക്കുന്നു. പുഴകളിലെ മണലെല്ലാം രമ്യഹര്‍മ്യങ്ങള്‍ ആയി മാറിക്കഴിഞ്ഞു. കലാകാരന്മാരും എഴുത്തുകാരും സാംസ്‌കാരിക നായകന്മാരും പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് നില്‍ക്കുന്നവര്‍ എന്നല്ലേ വെപ്പ്. മണല്‍ ചോര്‍ത്തുമ്പോഴും, കാടു വെട്ടുമ്പോഴും പ്രകൃതിയെ നശിപ്പിക്കുമ്പോഴും അതിനെതിരെ ശബ്ദമുയര്‍ത്താന്‍, കവയിത്രി സുഗതകുമാരി ഒഴികെ ആരും തയ്യാറാവുന്നില്ല. കടലില്‍ മഴ പെയ്യുന്നത് കാട് ഉണ്ടായിട്ടാണോ എന്ന് പരിഹസിച്ചവര്‍ അന്ന് ഉണ്ടായിരുന്നു. പുഴകള്‍ ഒഴുകുന്നത് പ്രഗല്‍ഭ എഴുത്തുകാരുടെ ഗ്രാമങ്ങളിലൂടെ ആണ്. അവരുടെ കവിതകളിലുംനോവലിലും നിറഞ്ഞൊഴുകുന്ന പുഴകളും നിബിഡവനങ്ങളും ഉണ്ടായിരുന്നു. അതെല്ലാം ഇപ്പോള്‍ നോവലിലും കവിതകളിലും മാത്രമായി ഒതുങ്ങി. ഒരുപക്ഷെ അന്ന് അവര്‍ കൂട്ടമായി ശക്തിയായി പ്രതികരിച്ചിരുന്നുവെങ്കില്‍ പുഴകളെയും കാടുകളെയും നമുക്ക് സംരക്ഷിക്കാമായിരുന്നു. ഇനി നമുക്ക് ഒരിറ്റു ദാഹജലത്തിനായി രമ്യഹര്‍മ്യങ്ങളില്‍ കാത്തിരിക്കാം.

ജയദാസ് കെ. നായര്‍, തിരൂര്‍