ഇടുക്കിയില്‍ വൈദ്യുതി ഉത്പാദനം കുറച്ചു

Wednesday 11 January 2017 2:38 pm IST

മൂലമറ്റം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് മൂലമറ്റം പവര്‍ഹൌസില്‍ വൈദ്യുതി ഉത്പാദനം കുത്തനെ കുറച്ചു. 800 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഇടുക്കി സംഭരണിയില്‍ ഇപ്പോഴുള്ളൂ. അഞ്ച് മാസം കൂടി വേനല്‍ നീണ്ടുനില്‍ക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് വൈദ്യുതി ഉത്പാദനം കുറച്ചത്. പ്രതിദിനം രണ്ടര ലക്ഷം യൂണിറ്റ് വൈദ്യുതിയേ ഇപ്പോള്‍ മൂലമറ്റത്ത് ഉത്പാദിപ്പിക്കുന്നുള്ളൂ. പതിനൊന്ന് ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കേണ്ട സ്ഥാനത്താണിത്. വൈദ്യുതി ഉത്പാദനം കൂട്ടിയാല്‍ ജൂണ്‍ മാസത്തിന് മുന്നേ തന്നെ ഉത്പാദനം പൂര്‍ണമായും നിര്‍ത്തിവയ്ക്കേണ്ടി വരുമെന്നാണ് കെ‌എസ്‌ഇ‌ബിയുടെ ആശങ്ക. ഇപ്പോഴത്തെ നിലയിലാണെങ്കില്‍ മെയ് മാസം അവസാനം വരെ ഉത്പാദനം തുടരാനാവും. മെയ് മാസത്തില്‍ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകും. അണക്കെട്ടിലെ ജലനിരപ്പ് 2280 അടിയിലെത്തിയാല്‍ വൈദ്യുതി ഉത്പാദനം നിര്‍ത്തിവയ്ക്കേണ്ടിവരും. നിലവില്‍ അണക്കെട്ടില്‍ 37.03 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞവര്‍ഷം ഇതേസമയം 2362 അടി വെള്ളം ഇടുക്കിയിലുണ്ടായിരുന്നു. അതായത് സംഭരണശേഷിയുടെ 57 ശതമാനം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 23 അടി വെള്ളത്തിന്റെ കുറവാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്.