ഹോം » ലോകം » 

നാസികളുടെ സാന്നിധ്യം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ക്ലാര അന്തരിച്ചു

വെബ് ഡെസ്‌ക്
January 11, 2017

ലണ്ടന്‍: 1939ല്‍ പോളണ്ടില്‍ നാസികളുടെ സാന്നിധ്യം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ബ്രിട്ടീഷ് യുദ്ധ കറസ്പോണ്ടന്റ് ക്ലാര ഹോളിംഗ്‌വര്‍ത്ത്(105) അന്തരിച്ചു. ഹോങ്കോംഗിലായിരുന്നു അന്ത്യം. 1911ല്‍ ബ്രിട്ടണിലെ ലീസെസ്റ്ററില്‍ ജനിച്ച ക്ലാര 1939ല്‍ പോളണ്ടില്‍ നിന്ന് ജര്‍മ്മനിയിലേക്ക് യാത്ര ചെയ്യവേയാണ് അതിര്‍ത്തിയില്‍ നാസികളുടെ സാന്നിധ്യം അവര്‍ തിരിച്ചറിഞ്ഞതും ലോകത്തെ അറിയിച്ചതും.

‘പോളിഷ് അതിര്‍ത്തിയില്‍ 1000 ടാങ്കുകള്‍ ഇരച്ചെത്തിയിരിക്കുന്നു, പത്ത് വിഭാഗങ്ങള്‍ മിന്നലാക്രമണത്തിന് തയ്യാറെടുത്തിരിക്കുന്നു’ എന്നാണ് ഡെയ്‌ലി ടെലഗ്രാഫിന് വേണ്ടി ക്ലാര റിപ്പോര്‍ട്ട് ചെയ്തത്. മൂന്നു ദിവസത്തിനു ശേഷം നാസികള്‍ അതിര്‍ത്തിയില്‍ കടന്നതോടെ അടുത്ത ചൂടുവാര്‍ത്തയും അവര്‍ പുറത്തുവിട്ടു. എന്നാല്‍ അക്കാലത്ത് മാധ്യമങ്ങള്‍ വന്നിരുന്ന സാധാരണ വാര്‍ത്ത പോലെ ക്ലാരയുടെ പേര് നല്‍കാതെയാണ് പ്രസിദ്ധീകരിച്ചിരുന്നത്.

പോളണ്ടിലെ നാസിപ്പടയുടെ കടന്നുകയറ്റമായിരുന്നു രണ്ടാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചത്. 1946ല്‍ ജറുസലേമിലെ കിംഗ് എഡ്വോര്‍ഡ് ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ക്ലാര രക്ഷപ്പെട്ടത്. ചൈനയില്‍ ഏറെക്കാലം ജോലി ചെയ്ത ശേഷം 1970കളിലാണ് ക്ലാര ഹോങ്കോംഗില്‍ എത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ക്ലാരയുടെ നൂറ്റിയഞ്ചാം പിറന്നാള്‍ ആഘോഷിച്ചത്.

മാധ്യമ ലേഖികയുടെ കുപ്പായം അണിയുന്നതിനു മുന്‍പ് ആയിരക്കണക്കിന് ആളുകളെയാണ് ഹിറ്റ്‌ലറുടെ സൈന്യത്തിന്റെ പിടിയില്‍ നിന്നും ബ്രിട്ടണിലേക്ക് രക്ഷപ്പെടുത്തിയത്.

Related News from Archive
Editor's Pick