ഹോം » കേരളം » 

വിദഗ്ധ സമിതി അന്വേഷിക്കണം: കുമ്മനം

January 12, 2017

കഞ്ചിക്കോട് സിപിഎം ആക്രമണത്തിനിരയായി ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിക്കുന്നു.

തൃശൂര്‍: സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭരണകക്ഷി തന്നെ അക്രമത്തിന് നേതൃത്വം നല്‍കുകയാണ്.
ബിജെപി, കോണ്‍ഗ്രസ്, ലീഗ്, സിപിഐ പ്രവര്‍ത്തകരുള്‍പ്പെടെ സിപിഎമ്മിന്റെ അക്രമത്തിനിരയാകുകയാണ്.

കഞ്ചിക്കോട് സിപിഎം ആക്രമണത്തിനിരയായി ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ടി.കണ്ണന്‍, വിമലാദേവി എന്നിവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കുമ്മനം. പിഞ്ചുകുഞ്ഞിനെപ്പോലും ആക്രമിക്കുകയാണ്. കാസര്‍കോട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ആര്‍.എസ്.എസ് സംസ്ഥാന നേതാവ് വത്സന്‍ തില്ലങ്കേരി എന്നിവരുടെ നേരെ ആക്രമണമുണ്ടായി. ആദിവാസി, ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ് ആക്രമണത്തിനിരയാകുന്നതിലേറെയും.

ദളിത് വിഭാഗങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. കലാലയങ്ങളില്‍ അശാന്തിയും കലാപവും രൂക്ഷമാകുന്നു. വിദ്യാര്‍ത്ഥികള്‍ പീഡനങ്ങള്‍ക്കിരയാകുന്നതും ആത്മഹത്യ ചെയ്യുന്നതും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. പാമ്പാടി കോളേജില്‍ ജിഷ്ണു എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വിദഗ്ധ സംഘത്തെ അന്വേഷണം ഏല്‍പ്പിക്കണം. മരണത്തിനു പിന്നിലെ ദുരൂഹതകളും ഗൂഢാലോചനയും പുറത്തുവരണം. പഠിക്കാന്‍ സമര്‍ത്ഥനായിരുന്ന ജിഷ്ണു കോപ്പിയടിച്ചുവെന്ന വാദം വിശ്വസനീയമല്ല. കുമ്മനം പറഞ്ഞു.

ആശുപത്രി അധികൃതരും ബിജെപി നേതാക്കളും കുമ്മനത്തെ സ്വീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ വി.രാവുണ്ണി, ഐ. ലളിതാംബിക, കെ.മഹേഷ്, വിന്‍ഷി അരുണ്‍കുമാര്‍ തുടങ്ങിയവരും കുമ്മനത്തോടൊപ്പമുണ്ടായിരുന്നു.

സാമ്പത്തിക പരിഷ്‌കരണം വന്‍ വിജയം-കുമ്മനം
തൃശൂര്‍: കേന്ദ്രത്തിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ വന്‍ വിജയമാണെന്ന് കണക്കുകള്‍ തെളിയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. റിസര്‍വ് ബാങ്ക് പാര്‍ലമെന്റിന്റെ ധനകാര്യ കമ്മിറ്റിക്ക് നല്‍കിയ കണക്ക് പ്രകാരം തിരിച്ചെത്തിയതില്‍ നാല് ലക്ഷം കോടി കള്ളപ്പണമാണെന്ന് വ്യക്തമായിട്ടുണ്ട്.

നവംബര്‍ 8 ന് ശേഷം രണ്ട് ലക്ഷം രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ ഏഴര ലക്ഷം കോടിയുടേതാണ്. നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ 25,000 കോടി നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ഗ്രാമീണ-സഹകരണ ബാങ്കുകളില്‍ നവം. 8 ന് ശേഷം 16,000 കോടിയുടെ നിക്ഷേപം നടന്നിട്ടുണ്ട്. ലോണ്‍ തിരിച്ചടവായി 80,000 കോടി രൂപ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് കള്ളപ്പണം പുറത്തെത്തിയെന്ന് തന്നെയാണ്. എന്നിട്ടും മോദിയെ കുറ്റവിചാരണ ചെയ്യുമെന്നാണ് കോടിയേരി പറയുന്നത്. കോടിയേരിയെയാകും ജനങ്ങള്‍ വിചാരണ ചെയ്യുകയെന്നും കുമ്മനം പറഞ്ഞു.

 

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick