ഹോം » കേരളം » 

തിരുവാഭരണ ഘോഷയാത്ര ഇന്നു പുറപ്പെടും

പന്തളം: മകരസംക്രമസന്ധ്യയില്‍ ശബരിഗിരിനാഥനു ചാര്‍ത്താന്‍ തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്നുച്ചയ്ക്ക് 1 മണിക്ക് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും തിരവാഭരണം സ്‌പെഷ്യല്‍ഓഫിസര്‍ ഏറ്റുവാങ്ങിയ തിരുവാഭരണങ്ങള്‍ ഇന്ന് പുലര്‍ച്ചെ 5 മുതല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു വയ്ക്കും. രാവിലെ11.30ഓടെ പന്തളം വലിയതമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മ്മരാജയെ മേടക്കല്ലില്‍ നിന്നും സ്വീകരിച്ച് ക്ഷേത്രത്തിലെത്തും.

12ന് പ്രത്യേക പൂജകകള്‍ക്കായി നടയടയ്ക്കും. കര്‍പ്പൂരദീപവം ഉഴിഞ്ഞശേഷം വീരാളിപ്പട്ടും വിരിച്ച് തരുവാഭരണപേടകം ഘോഷയാത്രയ്ക്കായി ഒരുക്കും. തുടര്‍ന്ന് മേല്‍ശാന്തി പൂജിച്ചു നല്കുന്ന ഉടവാള്‍ രാജപ്രതിനിധി പി.ജി. ശശികുമാര്‍ വര്‍മ്മയെ വലിയതമ്പുരാന്‍ ഏല്പിക്കും. ക്ഷേത്രത്തിനുമുകളില്‍ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുകയും ആകാശത്തു നക്ഷത്രമുദിക്കുകയും ചെയ്യുമ്പോള്‍ ഒരു മണിക്ക് ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍പിള്ള തിരുവാഭരണങ്ങളടങ്ങുന്ന പ്രധാനപേടകം ശിരസ്സിലേറ്റി ഘോഷയാത്ര ആരംഭിക്കും.

കലശക്കുടവും മറ്റു പൂജാപാത്രങ്ങളും അടങ്ങുന്ന പേടകവുമായി മരുതമന ശിവന്‍പിള്ളയും, കൊടിപ്പെട്ടിയുമായി പ്രതാപചന്ദ്രന്‍ നായരും 22 അംഗ പേടക വാഹക സംഘവും അനുഗമിക്കും. രാജപ്രതിനിധി പല്ലക്കിലേറി ഘോഷയാത്രയെ നയിക്കും. ഇരുമുടിക്കെട്ടേന്തിയ നൂറുകണക്കിന് അയ്യപ്പഭക്തരും ദേവസ്വം ബോര്‍ഡ് അധികൃതരും വലിയകോയിക്കല്‍ ക്ഷേത്രോപദേശക സമിതിയും അകമ്പടി സേവിക്കും. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ ക്ഷേത്രത്തിലെത്തിച്ചേരും. 14ന്‌വൈകിട്ട് ശരംകുത്തിയില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.

പതിനെട്ടാംപടി കയറി എത്തുന്ന സംഘത്തില്‍ നിന്ന് മേല്‍ശാന്തിയും തന്ത്രിയും ചേര്‍ന്ന് തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് കൊണ്ടുപോയി വിഗ്രഹത്തില്‍ ചാര്‍ത്തും. തുടര്‍ന്ന് ദീപാരാധന നടത്തും. ഈസമയത്ത് ആകാശത്തു മകരജ്യോതിയും പൊന്നമ്പലമേട്ടില്‍ മകരവിളക്കും തെളിയും

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick