ഹോം » കേരളം » 

രഥഘോഷയാത്ര തടഞ്ഞ സംഭവം; മണിമല സിഐ മാപ്പ് പറഞ്ഞു

January 12, 2017

എരുമേലി: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിനായി എത്തിയ അമ്പലപ്പുഴ ഭക്തജനസംഘത്തിന്റെ രഥഘോഷയാത്രയെ തടഞ്ഞ സംഭവത്തില്‍ മണിമല സിഐ, ഇ.പി റജി മാപ്പ് പറഞ്ഞു. സംഭവദിവസം രാത്രി 10 മണിയോടെ സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ വിരിവച്ച സ്ഥലത്തെത്തിയാണ് സി.ഐ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രഥഘോഷയാത്ര സമാപിക്കാന്‍ മിനുറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് എരുമേലിയില്‍ക്കൂടി രഥം സഞ്ചരിക്കാന്‍ അനുമതിയില്ലെന്നും രഥഘോഷയാത്ര തടയാന്‍ എസ്പിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന വാദവുമായി സി.ഐ എത്തിയത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് രഥഘോഷയാത്ര സംബന്ധിച്ച വിവരം ദേവസ്വം ബോര്‍ഡിനേയും, പോലീസിനേയും അറിയിച്ചിരുന്നതായും, ഇവരുമായി തലേ ദിവസം നടന്ന ചര്‍ച്ചയില്‍ പോലും രഥം തടയുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞില്ലെന്നും അമ്പലപ്പുഴ സംഘവും വ്യക്തമാക്കിയിരുന്നു.

രഥഘോഷയാത്ര തടഞ്ഞ സംഭവം ചര്‍ച്ച ചെയ്യാനെത്തിയ എരുമേലിയിലെ സംഘടനാ നേതാക്കളോട് വളരെ മോശമായി പെരുമാറിയ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നടപടിയും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെ സംഘടനാ നേതാക്കള്‍ക്കെതിരെ വ്യാജ കേസ് എടുക്കാന്‍ പോലീസ് നടത്തിയ നീക്കമാണ് അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘത്തെ പ്രകോപിച്ചത്. തങ്ങള്‍ക്ക് വേണ്ടി ചര്‍ച്ചക്കെത്തിയവര്‍ക്കെതിരെ കേസ് എടുക്കാനുള്ള നീക്കം ഉപേക്ഷിക്കുകയും, രഥം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന്‍ വിരിപ്പന്തലിലെത്തി മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം പേട്ടതുള്ളല്‍ നടത്തില്ലെന്ന ശക്തമായ മുന്നറിയിപ്പുമായി അമ്പലപ്പുഴ സംഘവും രംഗത്തെത്തുകയായിരുന്നു.

സംഘം പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഗോപകുമാര്‍ എന്നിവരുമായി ജില്ലാ പോലീസ് സൂപ്രണ്ട് എന്‍. രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അമ്പലപ്പുഴ സംഘം ഉന്നയിച്ച ആവശ്യങ്ങള്‍ പോലീസ് അംഗീകരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ ജയപ്രകാശിനൊപ്പമാണ് സിഐ വിരിപ്പന്തലിലെത്തി മാപ്പ് പറഞ്ഞത്. ചെയ്തത് തെറ്റാണന്നും ഇനിമേല്‍ ആവര്‍ത്തിക്കില്ലെന്നും പറഞ്ഞ സിഐയെ സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ ശരണം വിളിച്ച് അനുഗ്രഹിച്ച് പ്രസാദവും നല്‍കിയാണ് മടക്കി അയച്ചത്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick