ഹോം » കേരളം » 

പ്രധാനമന്ത്രി ഇടപെട്ടു; അജയന്‍ കേള്‍വിയുടെ ലോകത്തേക്ക്

അജയന്‍

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല ആലപ്പുഴ തെക്കനാര്യാട് പുത്തന്‍പുരയ്ക്കല്‍ രാജപ്പന്‍- സുശീല ദമ്പതികള്‍ക്ക്. ഇവരുടെ ഏകമകന്‍ അജയനെ കേള്‍വിയുടെ ലോകത്തേക്ക് തിരിച്ചെത്തിച്ചത് പ്രധാനമന്ത്രിയുടെ ധൃതഗതിയിലുള്ള നടപടികളാണ്.

ജന്മനാ അന്ധനും ശാരീരിക വൈകല്യമുള്ളതുമായ അജയന്(35) കേള്‍വിശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടത് പതിനാറ് വര്‍ഷങ്ങള്‍ മുമ്പാണ്. കാഴ്ചശക്തിക്ക് പുറമെ കേള്‍വിയും നഷ്ടപ്പെട്ടതോടെ അജയന്റെ ജീവിതം തീര്‍ത്തും ദുരിതപൂര്‍ണമായി. ബ്രെയിന്‍ലിപി ഉപയോഗിച്ച് പഠിച്ച് പ്രീഡിഗ്രി വരെ നല്ല മാര്‍ക്കോടെ വിജയിച്ച അജയന് മുന്നില്‍ ഇതോടെ ജീവിതം ചോദ്യചിഹ്നമായി മാറി. ആശാരി പണിക്കാരനായ രാജപ്പന് കാലിന് അസുഖം മൂലം ജോലിക്ക് പോകാന്‍ കഴിയാതെയായി. അമ്മ സുശീലയ്ക്ക് തൊഴിലുറപ്പു ജോലിയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വേതനം മാത്രമായിരുന്നു ഈ കുടുംബത്തിന്റെ ആലംബം.

അജയന് കേള്‍വിശക്തി തിരികെ ലഭിക്കാന്‍ ഇക്കാലയളവില്‍ പലവിധ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രി നടത്തിയ സൗജന്യ കോക്ലിയര്‍ ഇംപ്‌ളാന്റ് നിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുത്തു. ഇരു ചെവികള്‍ക്കും പൂര്‍ണമായും കേള്‍വിശക്തി നഷ്ടപ്പെട്ട അജയന് കോക്ലിയര്‍ ഇംപ്‌ളാന്റേഷന്‍ ശസ്ത്രക്രിയ നടത്തിയാല്‍ പ്രയോജനമുണ്ടാകുമെന്ന് പരിശോധനയില്‍ വ്യക്തമായി. എന്നാല്‍ പന്ത്രണ്ടര ലക്ഷം രൂപ ഇതിനാവശ്യം വരുമെന്ന് അറിഞ്ഞതോടെ ഈ കുടുംബം തകര്‍ന്നു.

ഒടുവില്‍ ആലപ്പുഴ എംപി മുഖേന പ്രധാനമന്ത്രിയുടെ ചികിത്സാ സഹായ നിധിയിലേക്ക് അപേക്ഷ നല്‍കി. പലരുടെയും മുന്‍കാല അനുഭവങ്ങള്‍ അനുസരിച്ച് നടപടിക്ക് കാലതാമസം ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടിയത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് രണ്ടു മാസത്തിനകം തീരുമാനം ഉണ്ടാകുകയും ശസ്ത്രക്രീയയ്ക്ക് മൂന്ന് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് അനുവദിക്കുകയും ചെയ്തു. ഇതോടെ എങ്ങനെയും ബാക്കി പണം കണ്ടെത്താനാകുമെന്ന് ശുഭാപ്തി വിശ്വാസമായി. ആശുപത്രി അധികൃതരുടെയും മറ്റു ഉദാരമതികളുടെയും സഹായത്തോടെ ശസത്രക്രിയയ്ക്കാവശ്യമായ മുഴുവന്‍ പണം കണ്ടെത്താന്‍ കഴിഞ്ഞു.
ശസ്ത്രക്രിയക്ക് ശേഷം അജയന്‍ കേള്‍വിയുടെ ലോകത്തേക്ക് മടങ്ങിയെത്തിക്കഴിഞ്ഞു.

പ്രധാനമന്ത്രിയുടെ ധനസഹായം അതിവേഗം ലഭിച്ചതാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പ്രേരണയായതെന്നും മകന്റെ ദുരിത ജീവിതത്തിന് കുറച്ചെങ്കിലും മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞതെന്നും സുശീല ജന്മഭൂമിയോട് പറഞ്ഞു. പ്രധാനമന്ത്രിയോടും മറ്റു ഉദാരമതികളോടും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല… സുശീലയുടെ കണ്ണുകള്‍ നിറഞ്ഞു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick