ഹോം » കേരളം » 

കോഴിക്കോട്ടെ ജിഷ്ണുവിന്റെ വീട്ടിലേക്കുള്ള വണ്ടിക്കൂലിയായി മുഖ്യമന്ത്രിക്ക് എബിവിപിയുടെ വക മണി ഓര്‍ഡര്‍

തിരുവനന്തപുരം: തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളേജില്‍ സ്വാശ്രയ മാനേജ്‌മെന്റിന്റെ പീഡനത്തിനിരയായ ജിഷ്ണു ആത്മഹത്യ ചെയ്തിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ തിരുവനന്തപുരം വഞ്ചിയൂര്‍ സംസ്‌കൃത സര്‍വ്വകലാശാലയില്‍ എബിവിപി മുഖ്യമന്ത്രിക്ക് മണി ഓര്‍ഡര്‍ അയച്ച് പ്രതിഷേധിച്ചു.

മരണം നടന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴും പാമ്പാടിയിലെ സംഭവസ്ഥലത്തോ ജിഷ്ണുവിന്റെ വീട്ടിലോ സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം പോലും തിരിഞ്ഞു നോക്കിയില്ല. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉറക്കം നടിക്കുകയാണ്. ജിഷ്ണുവിന്റെ മരണത്തില്‍ അത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കാനോ സ്വാശ്രയ കൊള്ളക്കാരെ നിലയ്ക്കു നിര്‍ത്താനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് കോഴിക്കോട്ടെ ജിഷ്ണുവിന്റെ വീട്ടിലേക്കും പോകാനുള്ള വണ്ടിക്കൂലി മണി ഓര്‍ഡര്‍ ആയി അയച്ചു നല്‍കി എബിവിപി പ്രതിഷേധമറിയിച്ചത്.

മുഖ്യമന്ത്രി ജിഷ്ണുവിന്റെ വീട്ടിലേക്ക് പോകണം. ജിഷ്ണുവിന്റെ അമ്മയുടെ കണ്ണീര്‍ കാണണം. എന്നിട്ടെങ്കിലും ഈ വിദ്യാഭ്യാസ കച്ചവടം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു.

Related News from Archive
Editor's Pick