ഹോം » കേരളം » 

വികസനപ്രവര്‍ത്തനങ്ങളില്‍ കടുത്ത രാഷ്ട്രീയത്തിന് കളമൊരുങ്ങി

കോഴിക്കോട്: ത്രിതല പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ ഇടപെടലിന് കളമൊരുങ്ങുന്നു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ രൂപീകരിക്കപ്പെടുന്ന ആസൂത്രണസമിതി എന്ന പുതിയ സംവിധാനത്തിലൂടെയാണിത്. ത്രിതല പഞ്ചായത്തുകളെ കഴിയുന്നത്ര ‘ചുകപ്പി’ക്കാനുള്ള രഹസ്യ അജണ്ടയോടെയുമാണ് ആസൂത്രണസമിതി പിണറായി സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത്.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ പദ്ധതി ആസൂത്രണം, നിര്‍വ്വഹണം, വിലയിരുത്തല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സഹായിക്കുക എന്ന് വിശദീകരിച്ചാണ് ആസൂത്രണസമിതി രൂപീകരിക്കുന്നത്. ആസൂത്രണ, നിര്‍വ്വഹണ പ്രക്രിയയിലെ ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്ന ചുമതല കൂടിയുണ്ട്. 2017-18 വാര്‍ഷിക പദ്ധതി മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ആസൂത്രണസമിതി സജ്ജമാക്കുകയാണ് പിണറായി സര്‍ക്കാറിന്റെ ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങള്‍ക്കെല്ലാം ഇപ്പോള്‍ ജില്ലാആസൂത്രണ സമിതിയേയുള്ളു.

പന്ത്രണ്ടും ആവശ്യമെങ്കില്‍ അതില്‍ കൂടുതലും അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ആസൂത്രണസമിതി രൂപീകരിക്കേണ്ടത്. ജനപ്രതിനിധികള്‍ക്ക് പുറമെ വിദഗ്ധനും സന്നദ്ധപ്രവര്‍ത്തകരെയുമാണ് അംഗങ്ങളായി ചേര്‍ക്കേണ്ടത്. അതത് പഞ്ചായത്തുകളിലെ ഭരണസമിതി രാഷ്ട്രീയത്തിനനുസരിച്ചായിരിക്കും വിദഗ്ധനും സന്നദ്ധപ്രവര്‍ത്തകരുമെന്ന് വ്യക്തം. സഹായസമിതിയെന്ന് പറയുന്നുണ്ടെങ്കിലും ഫലത്തില്‍ വികസനകാര്യങ്ങള്‍ തീരുമാനിക്കുന്നതിലെ സുപ്രധാന ഘടകമായിയിരിക്കുമിത്. പദ്ധതി പ്രവര്‍ത്തനത്തിന്റെ ആദ്യാന്തം നിര്‍ണ്ണയിക്കുന്നത് ഈ സമിതിയായിരിക്കും. ഭൂരിപക്ഷവും രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളായതിനാല്‍ ഓരോ വികസനപദ്ധതികളിലും പാര്‍ട്ടി താല്‍പര്യമായിരിക്കും സംരക്ഷിക്കപ്പെടുക.

ഗുണഭോക്തൃപട്ടിക തീരുമാനിക്കുന്നതിലും ആനുകൂല്യവിതരണത്തിലും കടുത്ത രാഷ്ട്രീയം ശക്തമായി പ്രതിഫലിക്കപ്പെടും. തദ്ദേശസ്ഥാപനങ്ങളില്‍ നിലവിലുള്ള ഇടതു മുന്‍തൂക്കമാണ് പിണറായി സര്‍ക്കാറിന്റെ രഹസ്യഅജണ്ട. ആസൂത്രണസമിതികളില്‍ കൂടുതല്‍ അംഗങ്ങളായെത്തുക ഇടതു സഹയാത്രികരായിക്കുമെന്നതിനാല്‍ കമ്മ്യൂണിസ്റ്റ് പദ്ധതി നടപ്പാക്കുക എളുപ്പമായിരിക്കും.

Related News from Archive
Editor's Pick